വാഷിങ്ടണ്‍: ഭീകര സംഘടനയായ അല്‍ ഖ്വയ്ദയ്ക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുകയും ഫെഡറല്‍ ജഡ്ജിനെ വധിക്കാന്‍ പണം നല്‍കുകയും ചെയ്ത കേസില്‍ ഇന്ത്യന്‍ വംശജന് അമേരിക്കയില്‍ 27 വര്‍ഷം തടവ്. ഇന്ത്യയില്‍ നിന്ന് വിദ്യാഭ്യാസത്തിനായി അമേരിക്കയിലേക്ക് കുടിയേറിയ യഹ്യ ഫറൂഖ് മുഹമ്മദിനാണ് തടവ് ശിക്ഷ കോടതി വിധിച്ചത്.
യെമെനിലെ അല്‍ ഖ്വയ്ദ നേതാവ് അന്‍വര്‍ അല്‍ ഔലാകിക്ക് 22,000 ഡോളര്‍ ധനസഹായം നല്‍കിയെന്ന കേസില്‍ യഹ്യ ഫറൂഖ് മുഹമ്മദും അയാളുടെ സഹോദരനുമുള്‍പ്പെടെ നാല് പേരെ 2015-ല്‍ ആണ് അറസ്റ്റ് ചെയ്തത്. അല്‍-ഖ്വയ്ദയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കുന്നതിനായി ഔലകിയെ സന്ദര്‍ശിക്കാന്‍ 2009-ല്‍ മുഹമ്മദ് ഉള്‍പ്പെടെ മൂന്നുപേര്‍ യെമെന്‍ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍, ഔലകിയുമായി കൂടിക്കാഴ്ച നടത്താന്‍ സാധിക്കാതിരുന്നതിനാല്‍ പണം വേറൊരാളുടെ കൈവശം നല്‍കുകയായിരുന്നു. തുടര്‍ന്ന് 2015-ലാണ് ഇവര്‍ പിടിയിലാകുന്നത്. ആ സമയം തനിക്കൊപ്പം ജയിലില്‍ കഴിഞ്ഞിരുന്ന മറ്റൊരു പ്രതിക്ക് യുഎസ് ജില്ലാ ജഡ്ജി ജാക്ക് സോഹറിയെ വധിക്കാന്‍ 15,000 ഡോളര്‍ വാഗ്ദാനം ചെയ്യുകയായിരുന്നു.
എന്നാല്‍, മുഹമ്മദ് ഈ ദൗത്യം ഏല്‍പ്പിച്ചത് എഫ്ബിഐ ഏജന്റിനെയായിരുന്നു. തുടര്‍ന്ന് മുഹമ്മദിന്റെ ബന്ധു ഇയാള്‍ക്ക് 1000 ഡോളര്‍ നല്‍കുകയും ചെയ്തിരുന്നു. അക്രമം പ്രോത്സാഹിപ്പിച്ചതിനും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കിയതിനുമാണ് മുഹമ്മദിനെ ജയിലില്‍ അടച്ചത്.
അമേരിക്കയിലെ ജനങ്ങള്‍ക്കും ജഡ്ജിക്കും നീതിന്യായ വ്യവസ്ഥയ്ക്കും മുഹമ്മദ് ഭീഷണിയാണെന്ന് യുഎസ് അറ്റോര്‍ണി ജനറല്‍ ജസ്റ്റിന് ഹെഡ്മാന് അഭിപ്രായപ്പെട്ടു.
2002-ല്‍ ആണ് വിദ്യാഭ്യാസത്തിനായി അമേരിക്കയില്‍ എത്തിയ മുഹമ്മദ് 2009-ല്‍ അമേരിക്കന്‍ പൗരയെ വിവാഹം ചെയ്ത് അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു.
Discussion about this post