ഭോപ്പാല്‍: പന്ത്രണ്ട് വയസിന് താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്താല്‍ വധശിക്ഷ നല്കുന്ന നിയമത്തിന് മദ്ധ്യപ്രദേശ് മന്ത്രിസഭയുടെ അംഗീകാരം. മധ്യപ്രദേശില്‍ സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമം വളര്‍ന്ന സാഹചര്യത്തില്‍ ഇത് തടയാനുദ്ദേശിച്ചാണ് മന്ത്രിസഭ നിയമത്തിന് അംഗീകാരം നല്‍കിയതെന്ന് മദ്ധ്യപ്രദേശ് ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിംഗ് വ്യക്തമാക്കി. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ശിക്ഷ ഉയര്‍ത്താനുള്ള ശുപാര്‍ശകള്‍ക്ക് അംഗീകാരം നല്‍കിയത്.
ബലാത്സംഗ കുറ്റം തെളിയിക്കപ്പെട്ടവരില് നിന്നുള്ള പിഴയും ഇവര്‍ക്കുള്ള ശിക്ഷയും ഉയര്‍ത്താന്‍ ശിക്ഷാ നിയമത്തില്‍ ഭേദഗതി വരുത്താനും മന്ത്രിസഭ അംഗീകാരം നല്കി.
തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭയില്‍ ബില്ലിന് അംഗീകാരം നല്കിയാല് ഇത് രാഷ്ട്രപതിയുടെ അനുമതിക്കായി സമര്‍പ്പിക്കും. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ 2015-ലെ കണക്കനുസരിച്ച് രാജ്യത്ത് ഏറ്റവും കൂടുതല്‍ ബലാത്സംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമാണ് മദ്ധ്യപ്രദേശ്.
Discussion about this post