ആലപ്പുഴ: മുതിര്‍ന്ന സിപിഎം നേതാവ് ടി.കെ.പളനി പാര്‍ട്ടി വിട്ട സാഹചര്യത്തില്‍ കഞ്ഞിക്കുഴിയില്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാവ് പി. കൃഷ്ണപിള്ളയുടെ സ്മാരകം കത്തിച്ച സംഭവവും വീണ്ടും ചര്‍ച്ചയാകുന്നു. സിപിഎം ലോക്കല്‍ കമ്മറ്റിയംഗങ്ങള്‍ ഉള്‍പ്പടെയുള്ള നിരവധി പ്രവര്‍ത്തകര്‍ പളനിക്കൊപ്പം സിപിഐയില്‍ ചേരും. ഇതു സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ സിപിഐ നേതാക്കളുമായി ഇവര്‍ നടത്തി കഴിഞ്ഞു. പാര്‍ട്ടി വിടാനുള്ള സൂചന ലഭിച്ചതോടെ പളനിയെ അനുനയിപ്പിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിന്റെ നേതൃത്വത്തില്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തിയിരുന്നു.
പളനിക്കും നേരത്തെ സിപിഎം വിട്ട് സിപിഐയില്‍ ചേര്‍ന്ന് ജില്ലാ സെക്രട്ടറി വരെയായ ടി. ജെ. ആഞ്ചലോസിനെതിരെയും സമൂഹമാദ്ധ്യമങ്ങളിലൂടെ രൂക്ഷ വിമര്‍ശനങ്ങളാണ് ഒരു വിഭാഗം സിപിഎമ്മുകാര്‍ നടത്തുന്നത്. പി. കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസിലെ പ്രതികളുമായി ബന്ധമുള്ള സിപിഎം പ്രവര്‍ത്തകരാണ് ഇതിന് പിന്നില്‍.
അതേസമയം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ പങ്കെടുപ്പിച്ച് പളനിക്കും കൂട്ടര്‍ക്കും വന്‍ സ്വീകരണം നല്‍കാനുള്ള ശ്രമത്തിലാണ് സിപിഐ. ജില്ലയില്‍ സിപിഎമ്മും സിപിഐയും പരസ്പരം പ്രവര്‍ത്തകരെ ചാക്കിട്ടു പിടിക്കാന്‍ മത്സരിക്കുകയാണ്. ഇതിനിടെ മുതിര്‍ന്ന നേതാവിനെ അടര്‍ത്തിയെടുക്കാന്‍ കഴിഞ്ഞത് വന്‍ നേട്ടമായാണ് സിപിഐ കരുതുന്നത്. പി. കൃഷ്ണപിള്ളയുടെ സ്മാരകം കത്തിച്ച കേസില്‍ സത്യം പറഞ്ഞതിന് സിപിഎം പളനിയെ ബലിയാടാക്കി തഴഞ്ഞു എന്ന പ്രചാരണമാണ് പളനിയെ അനുകൂലിക്കുന്നവര്‍ നടത്തുന്നത്.
കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ പാര്‍ട്ടി നേതാക്കളുടെ പങ്കു സംബന്ധിച്ചു പളനി നല്കിയ മൊഴിയാണ് അറസ്റ്റിലേക്കു നയിച്ചത്. കേസിലെ പ്രതികളെല്ലാം സിപിഎമ്മുകാരായിരുന്നു. 1996-ലെ വിഎസിന്റെ തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് പളനിക്കെതിരെ പരാതി നല്കി പാര്‍ട്ടി നടപടിയിലേക്ക് നയിച്ച പ്രാദേശിക സിപിഎം നേതാവും 2013-ല്‍ കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസില്‍ അറസ്റ്റു ചെയ്യപ്പെട്ടിരുന്നു.
Discussion about this post