കൊല്ലം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിധിപറഞ്ഞ 1622 ക്രിമിനല്‍കേസുകള്‍ ഹൈക്കോടതി പുനപരിശോധിക്കുന്നു. ആര്.രാജേഷ് മജിസ്രേറ്റ് ആയിരിക്കെ നിയമ വിരുദ്ധമായാണ് കേസുകള്‍ തീര്‍പ്പാക്കിയതെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടി. 2016ജൂണ്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലാവധിയില്‍ തീര്‍പ്പാക്കിയ കേസുകളാണ് പുനപരിശോധിക്കാന്‍ ഹൈക്കോടതി സ്വമേധയാ നടപടി തുടങ്ങിയത്.
അബ്കാരി, മയക്കുമരുന്നുകടത്ത്, മോട്ടോര്‍വാഹന നിയമലംഘനം തുടങ്ങിയ കുറ്റങ്ങളുള്‍പ്പെട്ട കേസുകളാണിത്. ഇതിനകം പാതിയോളം കേസില്‍ റിവിഷന്‍ഹര്‍ജി ഹൈക്കോടതിയില്‍ പരിഗണനക്കെത്തിയിട്ടുണ്ട്.ക്രിമിനല്‍ നടപടിക്രമത്തില്‍ ചില കേസുകളില്‍ വിനിയോഗിക്കാവുന്ന 258-ാം വകുപ്പിന്റെ അടിസ്ഥാനത്തിലാണ് കൊല്ലം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ആര്. രാജേഷ് കേസ് നടപടി അവസാനിപ്പിച്ചത്.
വ്യക്തമായ കാരണത്തിന്റെ അടിസ്ഥാനത്തില്‍ നീതിയുക്തമായേ അധികാരം വിനിയോഗിക്കാവൂ എന്ന ഹൈക്കോടതിവിധി അവഗണിച്ചാണിതതെന്ന് കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് റിപ്പോര്‍ട്ട് നല്കി. തുടര്‍ന്ന് ഹൈക്കോടതിയിലെ വിജിലന്‍സ് രജിസ്ട്രാര്‍ നിയമം മനസ്സിലാക്കാതെയാണ് മജിസ്ട്രേറ്റ് പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്തി. ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി മജിസ്ട്രേറ്റിന്റെപേരില് നടപടിയെടുക്കാന്‍ തീരുമാനിച്ചു. അതോടൊപ്പം രജിസ്ട്രിവഴി സ്വമേധയാ ആ കേസെല്ലാം പുനഃപരിശോധിക്കാനും തീരുമാനിക്കുകയായിരുന്നു.
Discussion about this post