തിരുവനന്തപുരം: ക്ഷേത്രങ്ങളിലെ പൂജകളിൽ നിന്നും അരളി പൂവ് ഒഴിവാക്കാനുള്ള ആലോചനയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഹരിപ്പാട് സ്വദേശിനി സൂര്യ സുരേന്ദ്രന്റെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് നീക്കം. പെൺകുട്ടിയുടെ ആന്തരിക അവയവങ്ങളുടെ പരിശോധനാ ഫലം പുറത്തുവന്നതിന് ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.
അരളിപ്പൂ വായിലിട്ട് ചവച്ചതിന് പിന്നാലെ അനുഭവപ്പെട്ട ദേഹാസ്വാസ്ഥ്യത്തെ തുടർന്നായിരുന്നു സൂര്യയുടെ മരണം. അരളിപ്പൂവിൽ നിന്നുള്ള വിഷമാണോ ജീവഹാനിയുണ്ടാക്കിയത് എന്നത് വ്യക്തമാണം എങ്കിൽ ആന്തരിക അവയവങ്ങളുടെ പരിശോധനാ ഫലം ലഭിക്കേണ്ടതുണ്ട്. അരളിപ്പൂവിലെ വിഷമാണ് മരണ കാരണം ആയതെന്ന് തെളിഞ്ഞാൽ പൂവ് പൂജകളിൽ നിന്നും ഒഴിവാക്കും.
സൂര്യയുടെ മരണത്തിന് പിന്നാലെ അരളിപ്പൂ ഉപയോഗിക്കുന്നതിൽ ആശങ്കയറിയിച്ച് ക്ഷേത്രം ജീവനക്കാരും ഭക്തരും രംഗത്ത് എത്തിയിരുന്നു. ഇതേ തുടർന്ന് ബോർഡ് യോഗം ചേരുകയും ചെയ്തിരുന്നു. ഇതിലാണ് അരളി പൂവ് ഒഴിവാക്കാമെന്ന തീരുമാനം ഉയർന്നുവന്നത്.
കഴിഞ്ഞ മാസം 28നായിരുന്നു യുകെയിലേക്ക് ജോലിക്കായി പോകുന്നതിനിടെ സൂര്യ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുഴഞ്ഞുവീണത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. വിമാനത്താവളത്തിലേക്കുള്ള വഴിമദ്ധ്യേ സൂര്യ നിരവധി തവണ ഛർദ്ദിച്ചു എങ്കിലും വീട്ടുകാർ ഗൗരവമാക്കി എടുത്തിരുന്നില്ല.
കാർഡിയാക് ഹെമറേജ് ഉണ്ടായത് ആണ് മരണകാരണം എന്നാണ് ഡോക്ടർമാർ പറയുന്നത്. യാത്ര പുറപ്പെടുന്നതിന് മുൻപായി സൂര്യ അരളി പൂവ് കടിച്ച് തിന്നിരുന്നു. ഇതിൽ നിന്നുള്ള വിഷബാധയാകാം മരണത്തിന് കാരണം ആയത് എന്നാണ് ഡോക്ടർമാരുടെയും സംശയം.
Discussion about this post