ആലപ്പുഴ: സായി ജലകായികകേന്ദ്രത്തിലെ ഹോസ്റ്റലില്‍ തുഴച്ചില്‍ താരങ്ങള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന സംഘം വിപുലീകരിച്ചു. വനിതാ എ.എസ്.പി. മെറിന് ജോസഫിന് പുറമേ മൂന്ന് എസ്.ഐ.മാര്‍, ഒരു എ.എസ്.ഐ., ഒരു വനിതാ സിവില്‍ പോലീസ് ഓഫീസര്‍ എന്നിവരെക്കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് വനിതാ എ.എസ്.പി.യെ സംഘത്തില്‍ ഉള്‍പ്പെടുത്തിയത്.
വണ്ടാനം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്ന് കുട്ടികളുടെ നില മെച്ചപ്പെട്ട് വരുന്നതായി ആസ്പത്രിവൃത്തങ്ങള്‍ അറിയിച്ചു. ബുധനാഴ്ച രാത്രിയിലാണ് നാല് പെണ്‍കുട്ടികളെ വിഷക്കായ് കഴിച്ചനിലയില്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരില്‍ ഒരാള്‍ വ്യാഴാഴ്ച പുലര്‍ച്ചെ മരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് ഇരുപതോളം പേരില്‍നിന്ന് മൊഴിയെടുത്തു. മാനസിക പീഡനം സംബന്ധിച്ച് മൊഴിയുള്ളതിനാല്‍ സായിയിലെ മുഴുവന്‍ ആളുകളില്‍നിന്നും മൊഴിയെടുക്കാനാണ് അന്വേഷണസംഘത്തിന് ലഭിച്ച നിര്‍ദ്ദേശം. ഇതിന്റെ ഭാഗമായിട്ടാണ് സംഘം വിപുലീകരിച്ചത്.
ശനിയാഴ്ച വനിതാ എ.എസ്.പി. മെറിന് ജോസഫ്, ഡിവൈ.എസ്.പി. പാര്‍ത്ഥസാരഥി പിള്ള എന്നിവര്‍ ഉള്‍പ്പെട്ട സംഘം, മരിച്ച തുഴച്ചില്‍ താരത്തിന്റെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. മറ്റൊരു സംഘം സായി കേന്ദ്രത്തിലെ താരങ്ങളുടെയും മറ്റുള്ളവരുടെയും മൊഴിയെടുത്തു. മരിച്ച കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തിങ്കളാഴ്ച ലഭിക്കുമെന്നാണ് സൂചന.
കായികവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം കായികവകുപ്പ് സെക്രട്ടറി എം. ശിവശങ്കര്‍ സംഭവത്തെക്കുറിച്ചുള്ള അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ സായി ഡയറക്ടര്‍ ജനറല്‍ ഇന്‍ജെത്തി ശ്രീനിവാസ് ഡല്‍ഹിക്ക് മടങ്ങി. അദ്ദേഹം കേന്ദ്ര സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയതായിട്ടാണ് സൂചന.
Discussion about this post