വാഷിങ്ടന്‍; ഇന്ത്യയുമായി നടത്താനിരുന്ന ഉഭയകക്ഷി ചര്‍ച്ച മാറ്റി വച്ചതില്‍ ഖേദം പ്രകടിപ്പിച്ച് യുഎസ്. അധികം വൈകാതെ തന്നെ ഇരുരാജ്യങ്ങള്‍ക്കും സൗകര്യപ്രദമായ സ്ഥലത്തും സമയത്തും ചര്‍ച്ച നടക്കുമെന്നും. ഇന്ത്യയുമായുള്ള ബന്ധം ട്രംപ് ഭരണകൂടം പ്രാധാന്യത്തോടെയാണു കാണുന്നതെന്നും യുഎസ് പറഞ്ഞു. ഒഴിച്ചുകൂടാനാകാത്ത സാഹചര്യങ്ങളാലാണ് ചര്‍ച്ച മാറ്റിവയ്ക്കേണ്ടി വന്നത്. അതില്‍ അതിയായ ഖേദമുണ്ടെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ ഇന്നലെ ടെലിഫോണില്‍ അറിയിച്ചു. ഇരു രാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതും സംഭാഷണത്തില്‍ വിഷയമായി.
കൂടിക്കാഴ്ച റദ്ദാക്കാനുള്ള കാരണത്തെക്കുറിച്ചു വിശദമാക്കാന്‍ വിസമ്മതിച്ച യുഎസ് വക്താവ്, ഇന്ത്യയുമായുള്ള ശക്തമായ ബന്ധമാണ് ട്രംപ് ഭരണകൂടം ആഗ്രഹിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. ‘യുഎസിന്റെ ദേശീയ സുരക്ഷയില്‍ ഇന്ത്യക്കുള്ള മര്‍മ പ്രധാനമായ സ്ഥാനം പ്രസിഡന്റിന്റെ ദേശീയ സുരക്ഷാ നയത്തില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ആഗോളശക്തിയായി വളരുന്ന ഇന്ത്യയെ നയതന്ത്ര തലത്തിലും പ്രതിരോധ തലത്തിലും കരുത്തുറ്റ ഒരു പങ്കാളിയായാണ് ഞങ്ങള്‍ കാണുന്നത്’ – വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് യുഎസ് വക്താവ് പറഞ്ഞു.
വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന് എന്നിവര്‍ മൈക്ക് പോംപിയോ, പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ് എന്നിവരുമായാണ് അടുത്തയാഴ്ച കൂടിക്കാഴ്ച നടത്താനിരുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക-വ്യാപാര വിഷയങ്ങളിലെ അസ്വാരസ്യങ്ങള്‍ ഉള്‍പ്പെടെ പരിഹരിക്കാനുള്ള നിര്‍ണായക അവസരമായിട്ടായിരുന്നു ഇന്ത്യ ഈ കൂടിക്കാഴ്ചയെ കണ്ടിരുന്നത്.
Discussion about this post