റാഫേല്‍ കേസില്‍ ഹര്‍ജി നല്കിയ അഭിഭാഷകന് പ്രശാന്ത് ഭൂഷണ് സമര്‍പ്പിച്ച രേഖകള്‍ മോഷ്ടിച്ചവയാണെന്ന് ചൂണ്ടിക്കാട്ടി അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ സുപ്രീം കോടതിയില്‍. നിയമവിരുദ്ധമായി ലഭിച്ച രേഖകള്‍ കോടതി പരിഗണിക്കരുതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഔദ്യോഗിക രഹസ്യം നിയമം ലംഘിച്ചാണ് രേഖകള്‍ പ്രശാന്ത് ഭൂഷണ് കോടതിക്ക് മുമ്പാകെ സമര്‍പ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മോഷ്ടിച്ച രേഖകള്‍ പരിഗണിക്കരുതെന്ന നിയമം നിലവിലുണ്ടെന്ന് എ.ജി പറഞ്ഞു. പ്രശാന്ത് ഭൂഷണ് സമര്‍പ്പിച്ച രേഖകള്‍ അതീവ രഹസ്യ സ്വഭാമുള്ളതാണെന്നും പ്രതിരോധത്തെപ്പറ്റിയുള്ള വിവരങ്ങളാണ് ഇതിലുള്ളതെന്നും എ.ജി വാദിച്ചു. ഹിന്ദു ദിനപത്രം സമര്‍പ്പിച്ച രേഖകള്‍ ഒരിക്കലും പൊതു നിരത്തില്‍ എത്താന്‍ പാടില്ലാത്തതായിരുന്നുവെന്നും രേഖകളുടെ മുകളില്‍ അവ രഹസ്യ സ്വഭാമുള്ളവയാണെന്ന വാചകം മറച്ച് വെച്ചാണ് ഹിന്ദു ദിനപത്രം അത് പ്രസിദ്ധീകരിച്ചതെന്നും എ.ജി പറഞ്ഞു.
എവിടെ നിന്നും എങ്ങനെയാണ് രേഖകള്‍ ലഭിച്ചതെന്നും ഹര്ജിക്കാരന് വ്യക്തമാക്കണമെന്ന് എ.ജി ആവശ്യപ്പെട്ടു. എന്നാല്‍ അതിന്റെ ആവശ്യമില്ലെന്നും രേഖകള്‍ എവിടെ നിന്ന് ലഭിച്ചവയാണെങ്കിലും അത് പരിഗണിക്കപ്പെടണമെന്നും പ്രശാന്ത് ഭൂഷണ് വാദിച്ചു. കല്‍ക്കരി വിവാദത്തിലും 2ജി അഴിമതിയിലും സമാനമായ രീതിയില്‍ ലഭിച്ച രേഖകളാണ് താന്‍ കോടതിയില്‍ സമര്‍പ്പിച്ചതെന്ന് പ്രശാന്ത് ഭൂഷണ് പറഞ്ഞു. നിലവിലെ രേഖകള്‍ തനിക്ക് ഹിന്ദു, കാരവന്, ഇന്ത്യന്‍ എക്സ്പ്രസ് എന്നീ വാര്‍ത്താ മാധ്യമങ്ങളില്‍ നിന്നാണ് ലഭിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാല്‍ പ്രതിരോധ മന്ത്രാലയത്തിലെ ഒരു രേഖ എങ്ങനെ കിട്ടിയെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. കേസ് പരിഗണിക്കുന്നത് മാര്‍ച്ച് 14ലേക്ക് മാറ്റിയിട്ടുണ്ട്.
റഫാല്‍ വിഷയം കോടതിക്കുമുമ്പിലെത്തുമ്പോള് രാജ്യസുരക്ഷ സംബന്ധിച്ച ചോദ്യം ഉയര്‍ത്താനാകില്ലെന്ന് ജസ്റ്റിസ് കെ.എം ജോസഫ് പറഞ്ഞത് തര്‍ക്കത്തിനിടയാക്കി.
റഫാല്‍ രാജ്യസുരക്ഷക്ക് അനിവാര്യമാണെന്ന് വാദിച്ച എ.ജി വാദം കേള്‍ക്കുന്നതിനിടെ കോടതി മിതത്വം പാലിക്കണമെന്നും പറഞ്ഞു. പ്രതിരോധ ഇടപാടുകള്‍ കോടതിയുടെ പരിധിയില്‍ വരില്ലെന്നും അദ്ദേഹം വാദിച്ചു.റഫാലിന് വേണ്ടി വാദിച്ച അതേ സിദ്ധാന്തം ഉള്‍ക്കൊണ്ടാല്‍ ബോഫോഴ്സ് വിഷയം കോടതിയില്‍ വരുമ്പോഴും രാജ്യസുരക്ഷ വിഷയമാകുമോ എന്നും ജസ്റ്റിസ് കെ.എം ജോസഫ് ചോദിച്ചു.
രേഖകള്‍ സുപ്രീംകോടതിയുടെ മുന്നില്‍ വന്നതാണ്, അത് പരിശോധിക്കരുതെന്ന് എജിക്ക് പറയാനാകില്ലെന്ന് ജസ്റ്റിസ് കൗള്‍ വ്യക്തമാക്കി. മോഷണ മുതല്‍ പരിശോധിക്കാനുള്ള അധികാരം കോടതിക്കുണ്ട്, എവിഡന്‍സ് ആക്ടില്‍ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ടെന്നും ജസ്റ്റിസ് കെ.എം ജോസഫ് പറഞ്ഞു. ഹര്‍ജിക്കാര്‍ പറയുന്ന രേഖകള്‍ പരിശോധിക്കാനേ കഴിയില്ലെന്നാണോ എജി വാദിക്കുന്നതെന്നും കോടതി ചോദിച്ചു.
ഇതിനിടെ തന്നെ എജി ഭീഷണിപ്പെടുത്തുകയാണെന്ന് അഭിഭാഷകന് പ്രശാന്ത് ഭൂഷണും പറഞ്ഞു. പ്രതിരോധമന്ത്രാലയത്തില്‍ നിന്നും മോഷണം പോയ രേഖകള്‍ എവിടെ നിന്നാണ് കിട്ടിയതെന്ന് പ്രശാന്ത് ഭൂഷണ് വ്യക്തമാക്കിയില്ല. മോഷം സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും ഇതിന്റെ പുരോഗതി നാളെ കോടതിയെ അറിയിക്കാമെന്നും എജി അറിയിച്ചു.
Discussion about this post