പെന്‍ഡ്രൈവില്‍ നന്ദികേശന്
പട്ടി എന്നു പറഞ്ഞാല്‍ യെച്ചൂരി സാറിന്റെ വീട്ടിലെ പട്ടി.. ഹോ.. അത്ഭുതം തന്നെ..!! രാവിലെ എഴുന്നേറ്റു വരുന്ന ആ രംഗം ഒന്ന് കാണണം..!! കുറേ ആസനങ്ങള്‍ ഒരുമിച്ച് യെച്ചൂരി സാറിനെ കാണിച്ചു കൊടുക്കും.. അത് കഴിഞ്ഞേ അത് കുരയ്ക്കാന്‍ പോലും മെനക്കെടൂ..യെച്ചൂരി സഖാവ് അത് ഓരോന്നും സൂക്ഷ്മമായി വിശകലനം ചെയ്ത് ഏതൊക്കെ ആസനങ്ങള്‍ എന്ന് കൃത്യമായി പുസ്തകത്തില്‍ എഴുതിയിടും..!! മുന്‍പ് വേറെ പണിയൊന്നും ഇല്ലാഞ്ഞത് കൊണ്ട് ഇതൊക്കെത്തന്നെയായിരുന്നു ഒരു കൗതുകം..!!!
ഒട്ടും വിചാരിക്കാതെയാണ് സഹസഖാക്കള്‍ പിടിച്ച് പാര്‍ട്ടി സെക്രട്ടറി ആക്കിയത്…പ്രത്യേകിച്ച് കാര്യമൊന്നും ഉണ്ടായിട്ടല്ല.. ഉപ്പു വെച്ച കലം പോലെ അനുനിമിഷം വളര്‍ന്നു പടര്‍ന്നു പന്തലിച്ചു കൊണ്ടിരിക്കുന്ന സംഭവം ആയത് കൊണ്ട് അന്ത്യകാലത്ത് കര്‍മം ചെയ്യാന്‍ ഒരു മേല്‍ശാന്തി..!! അത്രയേയുള്ളൂ ചുമതല..!!! ദേശീയകക്ഷി എന്ന ചീത്തപ്പേര് നിലനില്‍ക്കുന്നത് കൊണ്ട് സര്‍വ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് സമയത്ത് മുദ്രാവാക്യം വിളിച്ചോ നിലവിളിച്ചോ സാന്നിധ്യം അറിയിക്കണം.
പാര്‍ട്ടി പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തത് കൊണ്ടാകണം നരേന്ദ്രമോദിയ്ക്ക് കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷവും കിട്ടി..!! അപ്പോള്‍ തുടങ്ങിയ മെനക്കേടാണ്..മോദിയുടെ കോട്ടിന്റെ നിറം, യാത്ര ചെയ്ത വിമാനത്തിന്റെ നീളം, ഇടുന്ന കുര്‍ത്തയുടെ വില എന്നിങ്ങനെ കാര്യങ്ങള്‍ ഓരോന്നായി സസൂക്ഷ്മം വിലയിരുത്തി വസ്തുതാപരമായ വിമര്‍ശനങ്ങള്‍ കൊണ്ട് പാര്‍ടി പത്രം നിറയ്ക്കണം.. മോദി സത്യപ്രതിജ്ഞ ചെയ്താല്‍ തൊട്ടടുത്ത നിമിഷം മുതല്‍ വര്‍ഗ്ഗീയകലാപങ്ങളുടെ അയ്യരുകളിയായിരിക്കും എന്ന് വിചാരിച്ച് മൈക്കും പേനയും തയ്യാറാക്കി ഇരുന്നു എങ്കിലും നാലുപേരോട് (സി.പി.ഐ, ഫോര്‍വേഡ് ബ്ലോക്ക്, ആര്.എസ്.പിബംഗാള്‍, പിന്നെ ഗണേഷ് കുമാറും ) പറഞ്ഞു ചിരിക്കാവുന്ന ഒരു തമ്മില്‍ത്തല്ല് പോലും ഇതുവരെ കിട്ടിയില്ല..!! മോദിയാകട്ടെ അച്ഛാ ദിന്, സ്വച്ഛ ഭാരത് എന്നൊക്കെ പറഞ്ഞ് ഇടയ്ക്കിടയ്ക്ക് നാട്ടുകാരുടെ കയ്യടി വാങ്ങുകയും ചെയ്യുന്നു…!!
ഇപ്പൊ ദേ ഒടുവില്‍ യോഗ എന്ന് പറഞ്ഞു മറ്റു രാജ്യങ്ങളില്‍ വരെ സംഘപരിവാര്‍ അജണ്ട നടപ്പാക്കിത്തുടങ്ങിയിരിക്കുന്നു…!! ഇനിയിപ്പോള്‍ നോക്കി നിന്നിട്ട് കാര്യമില്ല; കടുംവെട്ട് തന്നെ..!!! അങ്ങനെ ആലോചിച്ചപ്പോഴാണ് പണ്ട് വീട്ടിലെ പട്ടി കാണിച്ചു തന്ന ആസനങ്ങള്‍ സഖാവിന്റെ മനോമുകുരത്തില്‍ തെളിഞ്ഞു വന്നത്..!! തൊട്ടടുത്ത മൈക്കില്‍ത്തന്നെ അതങ്ങോട്ട് വച്ചു കാച്ചി…!! ഹാവൂ., സമാധാനമായി..!! പാര്‍ട്ടിയുടെ ഇപ്പോഴത്തെ ഒരു രാശി വച്ച് തല മൊട്ടയടിച്ചാല്‍ കരിങ്കല്ല് മഴ പെയ്യുന്ന അവസ്ഥയായത് കൊണ്ട് സോഷ്യല്‍ മീഡിയയില്‍ നിന്നുതന്നെ ആവശ്യത്തിനു കിട്ടി..!! ഇനിയിപ്പോള്‍ അരുവിക്കര തെരഞ്ഞെടുപ്പിന് ശേഷം വിജയകുമാര്‍ സഖാവ് നിത്യശവാസനാവസ്ഥയില് ആവുമോ എന്നൊരു സംശയം അവിടത്തെ യോഗാഭ്യാസികളായ വോട്ടര്‍മാര്‍ പ്രകടിപ്പിക്കുന്നുണ്ട്…
യെച്ചൂരി സഖാവിന്റെ കണ്ടുപിടുത്തത്തില്‍ സത്യത്തില്‍ ആപ്പിലായത് ദേശീയ പാര്‍ട്ടി ജീവനോടെ അവശേഷിക്കുന്ന കേരളഘടകം ആണ്..!! കാരണം ഇവിടത്തെ സഖാക്കള്‍ മോദിയ്ക്ക് പണികൊടുക്കാന്‍ മതേതരയോഗ വിഭാവനം ചെയ്തുകൊണ്ടിരിക്കേയാണ് യെച്ചൂരി ഈ ദേശീയകാച്ച് കാച്ചിയത്…!! ഇപ്പൊ പാര്‍ട്ടി ആഫീസില്‍ കയറി കാര്ക്കിച്ചത് പോലെയായി..!! ഇത് കേട്ട് യോഗ നിറുത്തിയാല്‍ ആര്.എസ്.എസ്സുകാരുടെ പരിഹാസം, നിറുത്താതിരുന്നാല് പാര്‍ട്ടി കാഴ്ചപ്പാടുകളെ തള്ളിപ്പറയല്‍… ഇതിലും ഭേദം പഴയ കാരാട്ട് സെക്രട്ടറി തന്നെയായിരുന്നു എന്ന് ചില നാടന്‍ സഖാക്കള്‍ക്ക് തോന്നിത്തുടങ്ങിയിട്ടുണ്ട്..!!
ഇതു മാത്രമല്ല പ്രശ്നം; യോഗയെ തെറി പറഞ്ഞതിലൂടെ ഭാവിയില്‍ ഇതിനെയും അടിച്ചുമാറ്റാന്‍ പാര്‍ട്ടി തീരുമാനിച്ചു കഴിഞ്ഞു എന്നാണ് നമ്മള് മനസ്സിലാക്കേണ്ടത് എന്നാണ് പാര്‍ട്ടി ശത്രുക്കളുടെ പരിഹാസം..അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല..!! ശ്രീകൃഷ്ണ ജയന്തി, ദണ്ഡ, രക്ഷാബന്ധന് എന്നിങ്ങനെ വെടക്കാക്കി തനിക്കാക്കാന്‍ നോക്കിയ സംഭവങ്ങള്‍ ഒത്തിരിയുണ്ടല്ലോ.? ഇനിയിപ്പോള്‍ നാളെ ഒരു സമ്മേളനത്തില്‍ സെക്രട്ടറി ശീര്‍ഷാസനം ചെയ്ത് നില്‍ക്കുന്നത് കണ്ടാലും അത്ഭുതപ്പെടെണ്ടതില്ല..!!
രാജ്യത്ത് വലിയൊരു ശതമാനം ആളുകള്‍ പട്ടിണി കിടക്കുമ്പോള്‍ യോഗ കൊണ്ട് എന്ത് ഗുണം എന്നാണ് യച്ചൂരി സഖാവിന്റെ വേറൊരു സംശ്യം..!! അല്ലേലും സഖാക്കള്‍ ഇങ്ങനെയാ…!! പട്ടിണിക്കാരെക്കുറിച്ചോര്ത്ത് കണ്ണീര് വാര്‍ക്കാന്‍ ഈ ഇന്ത്യാ മഹാരാജ്യത്ത് ഇക്കൂട്ടര്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ; ഇനിയങ്ങോട്ടും അവരേ കാണൂ എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം..!! കാരണം വയ്ക്കാന്‍ അരിയും കത്തിയ്ക്കാന്‍ അടുപ്പും ഇല്ലാത്തവനല്ലേ പട്ടിണി എന്താണെന്ന് മനസ്സിലാവൂ..?! കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം നല്ലൊരു കഞ്ഞി കണ്ട കാലം പോലും മറന്നു.ബംഗാളിലെ അടുപ്പില്‍ പൂച്ച പ്രസവിച്ചു കിടക്കുകയാണ്.. ത്രിപുരയിലെ അടുപ്പ് തരക്കേടില്ലാതെ കത്തുന്നുണ്ട് എങ്കിലും ആ കഞ്ഞി കൊണ്ട് അവിടത്തെ ദരിദ്രര്‍ക്ക് തന്നെ തികയുന്നില്ല.. കേരളത്തിലെ അടുപ്പിന് ശനിദശ തുടങ്ങിയിട്ട് കാലം കുറച്ചായി..!! ഒരു വിധം കത്തിച്ചു കൊണ്ടുവന്നാല്‍ ഊതിക്കെടുത്താന്‍ സ്വന്തം കൂട്ടത്തില്ത്തന്നെ ആളുകള്‍ റെഡിയാ.ാാാാ ..യി നില്‍ക്കുകയാണ്, നില്ക്കുകയാാാാാാണ്…!!
പണ്ട് ഇന്ത്യ ബഹിരാകാശപേടകം വിക്ഷേപിച്ചപ്പോള്‍ അന്നത്തെ ഏതോ ഒരു ദേശീയ സഖാവിനും ഇമ്മാതിരി തോന്നല്‍ ഉണ്ടായതായി ചരിത്രത്തില്‍ പറയുന്നുണ്ട്..!! അതായത് രാജ്യത്ത് ഇത്രയും പേര് പട്ടിണി കിടക്കുമ്പോള്‍ ഇന്ത്യക്ക് ഇങ്ങനെയൊരു നേട്ടം വേണമോ എന്നായിരുന്നു ആ സഖാവിന്റെ സംശ്യം..!! സംശ്യം പിന്നീട് തീര്‍ന്നോ എന്നൊന്നും ചരിത്രം രേഖപ്പെടുത്തി വെച്ചിട്ടില്ല..!! എന്തായാലും അന്ന് തുടങ്ങിയ ബഹിരാകാശ രംഗത്തെ നേട്ടങ്ങളുടെ ഫലം പറ്റി പില്ക്കാലത്ത് ആദ്യമായി ഇന്ത്യയില്‍ സ്വന്തം ചാനല്‍ സംപ്രേഷണം തുടങ്ങിയത് ഒരു കുത്തക ബൂര്‍ഷ്വാ പാര്‍ട്ടിയുമല്ല എന്നും ചരിത്രം വിളിച്ചു പറയുന്നുണ്ട്..! നാട്ടുകാരുടെ മൊത്തം പട്ടിണി മാറ്റിക്കൊടുത്ത ശേഷമായിരുന്നു ഈ സത്കര്‍മ്മം എന്ന ആ സത്യം മാത്രം ചരിത്രം വിളിച്ചു പറയാന്‍ മറന്നു… അല്ലെങ്കിലും ഈ ചരിത്രം പലപ്പോഴും ബൂര്‍ഷ്വാസികളുടെ കൂടെയാണ്…!!
സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത് ആദ്യമായി കേരളത്തില്‍ വന്ന ശേഷമാണ് യെച്ചൂരി സഖാവിന് ഈ യോഗ-നായ സാമ്യം അനുഭവപ്പെട്ടത് എന്നും ഒരു അടക്കം പറച്ചില് ഉണ്ട്…!! അന്ന് അതിരാവിലെ വി.എസ്. അച്ചുതാനന്ദനെ സന്ദര്‍ശിക്കാന്‍ സെക്രട്ടറി ചെന്നപ്പോള്‍ അദ്ദേഹം പതിവ് യോഗാഭ്യാസത്തില്‍ ആയിരുന്നുവത്രെ..!! എന്തായാലും ഇനിയെങ്കിലും അച്ചുതാനന്ദന് സഖാവ് യോഗ ചെയ്യുമ്പോള്‍ സന്ദര്‍ശകരെ അനുവദിക്കരുത്..!! ഇന്നിപ്പോള്‍ യെച്ചൂരിയായത് കൊണ്ട് ഇത്രയേ ഉണ്ടായുള്ളൂ…!! നാളെ ആര് വരും, എന്ത് തോന്നും എന്നൊന്നും പറയാന്‍ പറ്റില്ലല്ലോ..??!!
Discussion about this post