യു.എ.ഇ.യില്‍ ചെക്ക് കേസില്‍ അറസ്റ്റിലായ ബി.ഡി.ജെ.എസ്. അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ കുടുക്കിയതാണെന്ന് പിതാവ് വെള്ളാപ്പള്ളി നടേശന്. നിലവില്‍ അജ്മാന് ജയിലില്‍ കഴിയുന്ന തുഷാറിന് വേഗത്തില്‍ ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ പ്രതികരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
10 വര്‍ഷം മുന്‍പ് നല്കിയ 10 ദശലക്ഷം ദിര്‍ഹത്തിന്റെ ചെക്ക് സംബന്ധിച്ച കേസിലാണ് കഴിഞ്ഞദിവസം അജ്മാന് പോലീസ് തുഷാര്‍ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ തുഷാറിനെ പിന്നീട് അജ്മാന് സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.
അജ്മാനിലെ തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയാണ് അജ്മാന് പോലീസ് സ്റ്റേഷനില്‍ രണ്ട് ദിവസം മുമ്പ് തുഷാറിന് എതിരെ പരാതി നല്‍കിയത്. എന്നാല്‍ കേസ് സംബന്ധിച്ച് തുഷാര്‍ വെളളാപ്പള്ളിക്ക് വിവരമൊന്നും ഉണ്ടായിരുന്നില്ല. പോലീസില്‍ പരാതി നല്‍കിയത് മറച്ചുവെച്ചുകൊണ്ട് ചെക്ക് കേസ് സംസാരിച്ചു തീര്‍ക്കാമെന്ന് പറഞ്ഞ് തുഷാറിനെ പരാതിക്കാര്‍ കേരളത്തില്‍ നിന്ന് അജ്മാനിലെ ഒരു ഹോട്ടലില്‍ വിളിച്ചുവരുത്തുകയായിരുന്നു. ഇതിന്റെ ചര്‍ച്ചക്കിടയിലാണ് പരാതിക്കാര്‍ നല്കിയ വിവരം അനുസരിച്ച് പൊലീസ് തുഷാറിനെ അറസ്റ്റ് ചെയ്തത്.
Discussion about this post