ചരിത്രനിമിഷത്തിന് കാത്തിരിക്കുകയാണ് രാജ്യം.ചന്ദ്രയാന്‍ 2 ചന്ദ്രനെ തൊടുന്ന നിമിഷത്തിന് വേണ്ടി.ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്കും രണ്ടരയ്ക്കുമിടയില്‍ ഇന്ത്യയുടെ ചന്ദ്രയാന്‍-രണ്ടിന്റെ ഭാഗമായ ലാന്‍ഡര്‍ ഇറങ്ങുമ്പോള്‍ ഇന്ത്യ അഭിമാന നേട്ടത്തിലേയ്ക്കാണ് ചുവടുവെക്കുന്നത്.എന്നാല്‍ അതുവരെയുള്ള നിമിഷങ്ങള്‍ ആശങ്കാജനകമാണ്.
അവസാന ഘട്ടത്തില്‍, ചന്ദ്രനില്‍ നിന്ന് കിലോമീറ്ററുകള്‍ മാത്രം അകലത്തിലെത്തുന്ന ലാന്‍ഡര്‍ അവസാന മിനിട്ടുകളിലാണ് സുരക്ഷിതമായി സോഫ്റ്റ് ലാന്‍ഡിങ് നടത്തേണ്ടത്. അതുകൊണ്ടുതന്നെ അവസാനത്തെ ഈ 15 മിനിട്ടുകള്‍ അതീവ നിര്‍ണായകമാണ്. ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം ചങ്കിടിപ്പേറിയ നിമിഷങ്ങളായിരിക്കും ഇത്. ഈ ഘട്ടത്തില്‍ ഒരു കൊച്ചു കുഞ്ഞിനെയെന്നോണം ലാന്‍ഡറിനെ കൈകാര്യം ചെയ്യേണ്ടിവരുമെന്ന് ഐഎസ്ആര്‍ഒ മേധാവി ഡോ. കെ. ശിവന് പറയുന്നു.
‘പെട്ടെന്ന് ഒരു നിമിഷം ഒരാള്‍ നമ്മുടെ കൈകളിലേയ്ക്ക് ഒരു നവജാത ശിശുവിനെ തന്നെന്നിരിക്കട്ടെ. ഒരു തയ്യാറെടുപ്പും കൂടാതെ നമുക്ക് കുഞ്ഞിനെ കൈയ്യിലെടുക്കാനാവുമോ? അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ ചലിച്ചുകൊണ്ടിരിക്കുന്ന കുട്ടിയെ സുരക്ഷിതമായി കൈയില്‍ പിടിച്ചേ പറ്റൂ. അതുപോലെ ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ പല രീതിയില്‍ നീങ്ങിയെന്നിരിക്കും. അപ്പോള്‍ ഒരു കൊച്ചു കുഞ്ഞിനെന്നോണം കരുതല്‍ ആവശ്യമാണ്’- ഡോ. ശിവന് പറഞ്ഞു.
സോഫ്റ്റ് ലാന്‍ഡിങ് എന്നത് വളരെ വളരെ സങ്കീര്‍ണമായ പ്രക്രിയയാണ്. നമ്മെ സംബന്ധിച്ചിടത്തോളം പരിചയമില്ലാത്ത ഒരു കാര്യവുമാണിത്. മുന്‍പ് ഇത്തരം പ്രക്രിയ നിര്‍വഹിച്ചിട്ടുള്ളവര്‍ക്കു പോലും ഓരോ തവണയും ഇത് സങ്കീര്‍ണമായിരിക്കും. അതുകൊണ്ടുതന്നെയാണ് ഈ അവസാന മിനിറ്റുകള്‍ ഉത്കണ്ഠയുടേതാകുന്നതെന്നും ഡോ. ശിവന് പറഞ്ഞു. അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങളാണ് നേരത്തെ ചന്ദ്രനില്‍ പര്യവേഷണ പേടകങ്ങള്‍ ഇറക്കിയിട്ടുള്ളത്.
47 ദിവസം കൊണ്ട് 3.84 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചാണ് ലാന്‍ഡര്‍ ശനിയാഴ്ച പുലര്‍ച്ചെ ലക്ഷ്യത്തിലേക്കെത്തുന്നത്.ജൂലൈ 22 നായിരുന്നു ചന്ദ്രയാന്‍ 2 വിന്റെ വിജയകരമായ വിക്ഷേപണം.
Discussion about this post