നീലാകാശം പോലെ തന്നെ രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്ന സ്ഥലമാണ് നീലക്കടലും. തിരമാലകൾ ഒളിപ്പിച്ച ഈ രഹസ്യങ്ങൾ തേടിയുള്ള യാത്രയ്ക്ക് ഒരുങ്ങുകയാണ് നമ്മുടെ ഭാരതം. സമുദ്രയാൻ പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ സമുദ്രപര്യവേഷണ രംഗത്ത് മറ്റുരാജ്യങ്ങൾക്കൊപ്പം ആറാം സ്ഥാനത്ത് ഇന്ത്യയും ചുവടുറപ്പിക്കും.
സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് മനുഷ്യനെ അയക്കുന്ന ഇന്ത്യയുടെ പര്യവേഷണ പദ്ധതിയാണ് സമുദ്രയാൻ. മത്സ്യ 6000 എന്ന പേരിൽ നിർമ്മിച്ച അന്തർവാഹിനിയെ കടലിന്റെ അടിത്തട്ടിൽ എത്തിച്ചാണ് പര്യവേഷണം. 6000 മീറ്റർ ആഴത്തിലേക്ക് മനുഷ്യനുമായി ഊളിയിടാൻ മത്സ്യയ്ക്ക് കഴിയും. ആഴക്കടലിന്റെ രഹസ്യങ്ങളുമായി പിന്നീട് തിരികെ എത്താം.
മൂന്ന് പേരെയാണ് മത്സ്യയ്ക്ക് വഹിക്കാൻ കഴിയുക. ഇവരുമായി 12 മണിക്കൂർ നേരം കടലിന്റെ ആഴങ്ങളിൽ കഴിയാൻ മത്സ്യയ്ക്ക് കഴിയും. അടിയന്തിര സാഹചര്യങ്ങളിൽ 96 മണിക്കൂർ നേരം പിടിച്ച് നിൽക്കാനുള്ള കഴിവും മത്സ്യയ്ക്ക് ഉണ്ട്.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജിയാണ് മത്സ്യയുടെ നിർമ്മാതാക്കൾ. മാസങ്ങൾ നീണ്ട പരിശോധനകൾക്കൊടവിൽ കടലിൽ ഇറക്കി മത്സ്യയെ പരീക്ഷിച്ചിരുന്നു. ജനുവരി 27 മുതൽ ഫെബ്രുവരി 12 വരെയായിരുന്നു പരീക്ഷണം. ആകെ നടത്തിയ 10 പരീക്ഷണങ്ങളിൽ അഞ്ചെണ്ണവും മത്സ്യയിൽ ആളുകളെ ഇരുത്തിക്കൊണ്ടായിരുന്നു. ഈ വേളയിൽ മത്സ്യയുടെ സുരക്ഷാ സംവിധാനങ്ങളും, മറ്റ് സംവിധാനങ്ങളും പരിശോധിച്ച് ഉറപ്പുവരുത്തി. സമുദ്ര പര്യവേഷണ രംഗത്ത് വലിയ പ്രതീക്ഷകളുമായി കാത്തിരിക്കുന്നവർക്ക് ഈ പരീക്ഷണങ്ങൾ നൽകിയ ആത്മവിശ്വാസം ചെറുതൊന്നുമല്ല. ഇവിടെ അവസാനിക്കുന്നില്ല മത്സ്യയുടെ പരീക്ഷണങ്ങൾ. വരും നാളുകളിലും ഇത് തുടരും. പരാജയപ്പെടാനുള്ള എല്ലാ പഴുതുകളും അടച്ച ശേഷമായിരുന്നു മത്സ്യയെ കളത്തിൽ ഇറക്കുക.
അടുത്ത വർഷമാണ് സമുദ്രയാൻ പദ്ധതി നടപ്പിലാക്കുക. ഇതിന് മുന്നോടിയായി ഈ വർഷം അവസാനം മത്സ്യയെ 500 മീറ്റർ ആഴത്തിൽ എത്തിച്ച് പരീക്ഷണങ്ങൾ ആവർത്തിക്കും.
സമുദ്രപര്യവേഷണത്തിലും സാന്നിദ്ധ്യം അറിയിക്കാൻ ലക്ഷ്യമിട്ട് 2021 ൽ ഭൗമശാസ്ത്ര മന്ത്രാലയം ആണ് സമുദ്രയാൻ പദ്ധതിയ്ക്ക് അനുമതി നൽകിയത്. ഇന്ത്യയുടെ സാമ്പത്തിക മേഖലകൾ, ഭൂഖണ്ഡാന്തര മണൽത്തിട്ടകൾ എന്നിവിടങ്ങളിൽ ആഴത്തിലുള്ള നിരീക്ഷണം സാദ്ധ്യമാക്കുന്നതിനും കടലിനടിയിലെ ധാതുക്കളുൾപ്പെടെയുള്ള സാമ്പത്തിക സ്രോതസ്സുകൾ തേടുന്നതിനും വേണ്ടിയാണ് ഈ ദൗത്യം. ഇതിന് പുറമേ കടലിന്റെ അടിത്തട്ടിലെ പരിസ്ഥിതിയെക്കുഴിച്ചുള്ള ആഴത്തിലുള്ള പഠനവും ദൗത്യത്തിന്റെ ലക്ഷ്യമാണ്. ഇതുവഴി ഇന്ത്യൻ മഹാസമുദ്രമേഖലയിലെ ഇന്ത്യയുടെ സ്വാധീനം വർദ്ധിപ്പിക്കാം.
ആഴക്കടലിന്റെ ജൈവആവാസവ്യവസ്ഥ, ഭൂമിശാസ്ത്രപരമായ വ്യതിയാനങ്ങൾ, കാലാവസ്ഥയിലെ മാറ്റം പരിസ്ഥിതിയിൽ ഉണ്ടാക്കിയ മാറ്റങ്ങൾ എന്നിവയെക്കുറിച്ച് ആകും ദൗത്യം പഠിക്കുക. ഈ വിവരങ്ങൾ വിവിധ മേഖലകളിൽ ഇന്ത്യയ്ക്ക് പ്രയോജനപ്പെടുത്താൻ കഴിയും.
സൂര്യവെളിച്ചം പോലും എത്തിപ്പെടാത്ത കടലിന്റെ ആഴത്തിലേക്കാണ് രഹസ്യങ്ങൾ തേടിയുള്ള ഇന്ത്യയുടെ യാത്ര. ഈ യാത്ര ലക്ഷ്യസ്ഥാനത്ത് എത്തുന്നതോട് കൂടി പര്യവേഷണ രംഗത്ത് പുതിയ ചരിത്രം കൂടിയാകും ഇന്ത്യ രചിക്കുക.
Discussion about this post