സോഷ്യൽമീഡിയയിലൂടെ ആരെയെങ്കിലും ഒക്കെ അധിക്ഷേപിച്ച് ലൈംലൈറ്റിൽ നിറഞ്ഞ് നിന്ന് കയ്യടി നേടാമെന്ന അതിമോഹം അസ്ഥാനത്തായതിന്റെ അങ്കലാപ്പിലാണ് കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ്. സ്വന്തം പാർട്ടി കൂടെ നൈസായി കൈ ഒഴിഞ്ഞതോടെ ആകെ പെട്ട അവസ്ഥയാണ് ഷമയുടേത്. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മയ്‌ക്കെതിരെയായിരുന്നു ഷമയുടെ ബോഡി ഷെയിമിംഗും അധിക്ഷേപവും. രോഹിത് ശർമയുടെ ശരീര ഭാരം ചൂണ്ടിക്കാണിച്ചായിരുന്നു ഷമയുടെ വിമർശനം. ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ രോഹിതിന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യ സെമിയിൽ പ്രവേശിച്ചതിന് ശേഷമായിരുന്നു ഷമയുടെ വിവാദ പോസ്റ്റ്. രോഹിത് ശർമ്മ തടിയെനെന്നും കായികതാരത്തിന് ചേർന്ന ശരീരപ്രകൃതിയല്ല, ഭാരം കുറയ്‌ക്കേണ്ടതുണ്ട് എന്നുമാണ് ഷമ എക്‌സിൽ കുറിച്ചത്. ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മോശം ക്യാപ്റ്റനാണ് രോഹിത് എന്നുമായിരുന്നു ഷമ അധിക്ഷേപിച്ചത്. ഗാംഗുലി, തെണ്ടുൽക്കർ, ദ്രാവിഡ്, ധോണി, വിരാട് കോഹ്ലി, കപിൽ ദേവ്, ശാസ്ത്രി തുടങ്ങിയ മുൻഗാമികളുമായി താരതമ്യപ്പെടുത്തുമ്പോൾ രോഹിത്തിന് എന്ത് ലോകോത്തര നിലവാരമാണ് ഉള്ളത്. അദ്ദേഹം ഒരു ശരാശരി ക്യാപ്റ്റനാണ്. ഇന്ത്യയുടെ ക്യാപ്റ്റനാകാൻ ഭാഗ്യം ലഭിച്ച ഒരു ശരാശരി കളിക്കാരൻ മാത്രമാണ് രോഹിത്തെന്നും ഷമ കുറ്റപ്പെടുത്തിയിരുന്നു.
രോഹിത്തിന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യ സെമിയും കടന്ന് ഫൈനലും പോരാടി വിജയകപ്പ് സ്വപ്‌നം കാണുമ്പോളെത്തിയ പരിഹാസ പോസ്റ്റ് ക്രിക്കറ്റ് പ്രേമികളെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്. ഷമയ്ക്ക് ക്രിക്കറ്റിന് കുറിച്ച് എന്തറിയാം വിമർശനം ബോഡി ഷെയിമിംഗിലൂടെയല്ല നടത്തേണ്ടത് ഇതാണോ കോൺഗ്രസ് സംസ്‌കാരം എന്ന് വരെ സോഷ്യൽമീഡിയയിൽ ചോദ്യങ്ങളുയർന്നു. രാഹുൽ ഗാന്ധിക്ക് കീഴിൽ 90 തെരഞ്ഞെടുപ്പുകളിൽ തോറ്റ കോൺഗ്രസാണ് രോഹിത്തിനെ മോശം ക്യാപ്റ്റനെന്ന് വിമർശിക്കുന്നതെന്ന് ബിജെപി പ്രതികരിച്ചു. ‘കോൺഗ്രസ് ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനെ പിന്തുടരുകയാണ്! നാണക്കേട്. ഇന്ത്യൻ രാഷ്ട്രീയത്തിൽ പരാജയപ്പെട്ട രാഹുൽ ഗാന്ധി ഇനി ക്രിക്കറ്റ് കളിക്കുമെന്നാണോ പ്രതീക്ഷിക്കുന്നതെന്നായിരുന്നു ഷമയുടെ പോസ്റ്റിന് മറുപടിയായി ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി പ്രതികരിച്ചത്.
ഷമയുടെ പരാമർശങ്ങൾ ദേശീയതലത്തിലും വലിയ ചർച്ചയും വിമർശനത്തിനും കാരണമായതോടെ നേതാവിന് താക്കീത് നൽകി കോൺഗ്രസ് തടിയൂരുകയായിരുന്നു. ഷമയുടേത് പാർട്ടി നിലപാടല്ലെന്നായിരുന്നു വിശദീകരണം. പാർട്ടി കൂടി ഒറ്റപ്പെടുത്തിയതോടെ ഷമയ്ക്ക് പോസ്റ്റ് പിൻവലിക്കാതെ തരമില്ലെന്നായി. എക്‌സിൽ നിന്ന് പോസ്റ്റ് മുക്കിയ ക്ഷമ, തന്റെ പോസ്റ്റ് ബോഡി ഷെയ്മിങ് ലക്ഷ്യമിട്ടായിരുന്നില്ലെന്നും കളിക്കാരുടെ ഫിറ്റ്നസിനെ പറ്റിയാണ് താൻ പറഞ്ഞതെന്നും ഷമ ന്യായീകരണം നൽകി.’ഒരു കായികതാരം എപ്പോഴും ഫിറ്റ്നസ് ആയിരിക്കണം, രോഹിത് ശർമയ്ക്ക് അൽപം തടി കൂടുതലാണെന്ന് എനിക്ക് തോന്നി. അതിനെ കുറിച്ച് ഞാൻ ട്വീറ്റ് ചെയ്തു. ഒരു കാരണവുമില്ലാതെ ഞാൻ ആക്രമിക്കപ്പെട്ടു. മുൻ ക്യാപ്റ്റൻമാരുമായി ഞാൻ അദ്ദേഹത്തെ താരതമ്യം ചെയ്തപ്പോൾ, ഞാൻ എന്റെ അഭിപ്രായം പറഞ്ഞു. അതുപറയാൻ എനിക്ക് അവകാശമുണ്ട്. അതിൽ എന്താണ് തെറ്റെന്നും ജനാധിപത്യത്തിൽ സംസാരിക്കാൻ അവകാശമില്ലേയെന്നുമായിരുന്നു ഷമയുടെ ചോദ്യം. എന്തായാലും ഷമയുടെ പോസ്റ്റ് മുക്കലിലും പിന്നീട് വന്ന ന്യായീകരണ പോസ്റ്റിനും ആരാധകരുടെ കലിപ്പടക്കാനുള്ള ശക്തിയില്ലെന്നാണ് സോഷ്യൽമീഡിയയിലെ സംസാരം. പറഞ്ഞത് തെറ്റായി പോയെന്ന് മനസിലാക്കി എത്രയും പെട്ടെന്ന് മാപ്പ് പറയുന്നതാണ് ഷമയുടെ രാഷ്ട്രീയ ഭാവിയ്ക്ക് നല്ലതെന്ന് ഉപദേശിക്കുന്നവരും ഉണ്ട്.
Discussion about this post