തിരുവനന്തപുരം: കളിയിക്കാവിള ചെക്പോസ്റ്റില്‍ തമിഴ്നാട് പോലീസിലെ എസ്എസ്ഐ വെടിെവച്ചുകൊന്ന കേസില്‍ പിടിയിലായ പ്രതികള്‍ പോലീസിനോടു കുറ്റം സമ്മതിച്ചു. ഭരണകൂട, പോലീസ് സംവിധാനങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് കൊലപാതകം നടത്തിയതെന്ന് പ്രതികള്‍ ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തി. പ്രതികളിലൊരാളായ അബ്ദുല്‍ ഷമീമിന് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റു(ഐ.എസ്.)മായും ഇന്ത്യയിലെ നിരോധിത തീവ്രവാദസംഘടനയായ ‘സിമി’യുമായും ബന്ധമുണ്ടെന്നും പോലീസ് പറഞ്ഞു.
പ്രതികളായ അബ്ദുല്‍ ഷമീം, തൗഫീക്ക് എന്നിവരെ ചൊവ്വാഴ്ച രാവിലെ ഉഡുപ്പി റെയില്‍വേ സ്റ്റേഷനില്‍വച്ചാണ് തമിഴ്നാട് പോലീസ് പിടികൂടിയത്. വ്യാഴാഴ്ച പുലര്‍ച്ചെ തക്കല പോലീസ് സ്റ്റേഷനില്‍ എത്തിച്ചാണ് തമിഴ്നാട് പോലീസ് ഇവരെ ചോദ്യംചെയ്തത്. സംഘടനയുടെ ആശയം പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടുകൂടിയാണ് അതിര്‍ത്തിയില്‍ ആക്രമണം നടത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചു. ഇതിന്റെ ഭാഗമായാണ് ചെക്പോസ്റ്റില്‍ പൊടുന്നനെ ആക്രമണം നടത്തിയത്. ആക്രമണം നടത്തുന്നതിനായി പ്രദേശത്തെക്കുറിച്ചു വ്യക്തമായി അറിയാവുന്ന ചിലരുടെ സഹായം ലഭിച്ചെന്ന് പ്രതികള്‍ പോലീസിനോടു പറഞ്ഞു. കൃത്യം നടത്തിയ ശേഷം ബസിലും തീവണ്ടിയിലും സഞ്ചരിക്കുകയായിരുന്നു. തമിഴ്നാട് ഡി.ഐ.ജി. പ്രവീണ്‍ കുമാറിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍.
അബ്ദുല്‍ ഷമീം ഉള്‍പ്പെടെ 11 പേര്‍ക്കെതിരേ ആയുധക്കടത്തുമായി ബന്ധപ്പെട്ട് ബെംഗളൂരു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവര്‍ക്ക് ഐ.എസുമായും ഇന്ത്യയിലെ നിരോധിത സംഘടനയായ സിമിയുമായും ബന്ധമുണ്ടെന്നും ബെംഗളൂരു പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. തീവ്രവാദബന്ധമുണ്ടെന്ന പ്രാഥമികവിവരത്തിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം ആവശ്യമുണ്ടെന്ന് തമിഴ്നാട് പോലീസും വ്യക്തമാക്കി. ഇക്കാരണത്താല്‍ അതീവ സുരക്ഷയിലാണ് പ്രതികളെ ചോദ്യംചെയ്യുന്നത്.
പ്രതികളുള്‍പ്പെട്ട സംഘടനയ്ക്ക് കേരളത്തിലും ഏതാനും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും വേരുകളുണ്ടെന്ന് തമിഴ്നാട്ടിലെ അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍, പ്രതികള്‍ക്ക് കേരളത്തില്‍ എന്തെങ്കിലും ബന്ധമുള്ളതായി വിവരമില്ലെന്നാണ് സംസ്ഥാന പോലീസില്‍നിന്നുള്ള വിവരം. പ്രതികളുമായി ബന്ധപ്പെട്ട് തമിഴ്നാട് പോലീസ് ഔദ്യോഗികമായോ അനൗദ്യോഗികമായോ വിവരങ്ങളൊന്നും നല്‍കിയിട്ടില്ലെന്നും കേരള പോലീസ് ചൂണ്ടിക്കാട്ടുന്നു. എങ്കിലും ഇന്റലിജന്റ്സ് വിഭാഗം ഉള്‍െപ്പടെയുള്ള സംഘങ്ങള്‍ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ഉന്നത പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
തീവ്രവാദ സ്വഭാവമുള്ള പതിനഞ്ചോളം പേര് അടങ്ങുന്ന ‘തമിഴ്നാട് നാഷണല്‍ ലീഗ്’ എന്ന സംഘടനയിലെ അംഗങ്ങളാണ് പ്രതികള്‍. നിരോധിച്ച ‘അല്‍ ഉമ്മ’ എന്ന സംഘടനയിലെ അംഗങ്ങളായിരുന്നു ഇവര്‍. അല്‍ ഉമ്മ നിരോധിച്ചപ്പോഴാണ് തമിഴ്നാട് കേന്ദ്രീകരിച്ച് നാഷണല്‍ ലീഗ് എന്ന സംഘടന രൂപവത്കരിച്ചത്. പുതിയ സംഘടനയുടെ ശക്തി അധികാരികള്‍ക്കു ബോധ്യപ്പെടുത്താനും പുതിയ അംഗങ്ങളെ ആകര്‍ഷിക്കുന്നതിനുമായി പദ്ധതികള്‍ തയ്യാറാക്കുന്നതിനിടെയാണ് നേതൃത്വത്തിലുള്ളവരില്‍ ചിലര്‍ തമിഴ്നാട് പോലീസിന്റെ പിടിയിലായത്.
Discussion about this post