മുംബൈ: മുംബൈയിലെ ധാരാവിയിൽ കൊറോണ ബാധിച്ച് മരിച്ച വ്യക്തിക്ക് രോഗം പകർന്നത് മലയാളികളിൽ നിന്നാണെന്ന് മുംബൈ പൊലീസ്. തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത മലയാളികൾ മുംബൈയിലും എത്തിയിരുന്നു. മാര്‍ച്ച് 25നാണ് തബ്ലീഗ് സമ്മേളനം കഴിഞ്ഞെത്തിയവര്‍ മുംബൈയിലെത്തിയത്. മുംബൈയില്‍ എത്തിയ ശേഷമാണ് ഇവര്‍ കോഴിക്കോടേക്ക് യാത്ര തിരിച്ചത്. മുംബൈയില്‍ എത്തിയ ഇവര്‍ ധാരാവിയിലാണ് താമസിച്ചത്. ധാരാവി ചേരിയില്‍ താമസിക്കുന്ന 56 വയസ് പ്രായമുള്ള വ്യക്തി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇദ്ദേഹത്തിന് രോഗം ബാധിച്ചത് കേരളത്തില്‍ നിന്നുള്ളവരില്‍ നിന്നാണെന്നാണ് മുംബൈ പൊലീസ് വിശദീകരിക്കുന്നത്.
മരിച്ചയാള്‍ വാടകയ്ക്ക് നല്‍കിയിരുന്ന വീട്ടിലാണ് മലയാളികള്‍ കഴിഞ്ഞതെന്നും മുംബൈ പോലീസ് പറയുന്നു. ഇവിടെ വെച്ച് മലയാളികൾ മരിച്ചയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നുവെന്നും മുംബൈ പൊലീസ് പറയുന്നു.
എത്ര മലയാളികള്‍ എത്തിയിട്ടുണ്ടെന്ന് വ്യക്തമല്ല. എന്നാല്‍ ഈ വിവരം കേരള സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും അവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടതായും മുംബൈ പോലീസ് വ്യക്തമാക്കുന്നു. മലയാളികള്‍ ധാരാവിയിലെത്തിയത് എന്തിനെന്ന് അടക്കമുള്ള വിവരം മുംബൈ പോലീസ് അന്വേഷിക്കുന്നുണ്ട്.
അതേസമയം തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരിൽ നിന്ന് തമിഴ്നാട്ടിലും രോഗബാധ വ്യാപകമാവുകയാണെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post