സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ സംഘം സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറുടെ മൊഴിയെടുത്തു. യു.എ.ഇ.യില്‍ നിന്നെത്തിയ നയതന്ത്ര പാഴ്സലുകള്‍ സംബന്ധിച്ച് ലഭ്യമായ രേഖകള്‍ ഹാജരാക്കാന്‍ സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ക്ക് കസ്റ്റംസും എന്‍.ഐ.എയും സമന്‍സ് അയച്ചു.
രണ്ടുവര്‍ഷത്തിനിടെ കോണ്‍സുലേറ്റില്‍ എത്തിയ നയതന്ത്ര പാഴ്സലുകളെക്കുറിച്ച് വ്യക്തത തേടിയാണിത്. 20-നകം വിശദീകരണവും രേഖകളും നല്‍കണം. സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന അസിസ്റ്റന്റ് കമ്മിഷണര്‍ എന്‍.എസ്. ദേവാണ് കസ്റ്റംസിനായി സമന്‍സയച്ചത്. ആവശ്യപ്പെട്ട രേഖകള്‍ നല്‍കാതിരിക്കുന്നത് ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം കുറ്റകരമാണെന്നും തെറ്റായവിവരങ്ങള്‍ നല്‍കുന്നത് ശിക്ഷാര്‍ഹമാണെന്നും കസ്റ്റംസ് വ്യക്തമാക്കിയിട്ടുണ്ട്.
നയതന്ത്ര ബാഗുകള്‍ സംസ്ഥാനത്തിന്റെ അറിവോടെ എത്ര തവണ എത്തി എന്ന കാര്യത്തിലെ വിവര ശേഖരണത്തിനാണ് എന്‍ഐഎ സംഘമെത്തിയത്. സ്വര്‍ണം പിടികൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥരുമായും എന്‍ഐഎ സംഘം ചര്‍ച്ച നടത്തി. കേസന്വേഷണവുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് എന്‍ഐഎ സംഘം സെക്രട്ടറിയേറ്റിലെത്തുന്നത്.
Discussion about this post