ന്യൂഡൽഹി : കേന്ദ്ര സർക്കാർ പുതിയതായി നടപ്പിലാക്കുന്ന ദേശീയ വിദ്യാഭ്യാസ നയം ഇന്ത്യയുടെ ചരിത്രത്തിലെ നാഴികക്കല്ലായിരിക്കുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. അറിവിന്റെ കേന്ദ്രമാക്കി രാജ്യത്തെ മാറ്റി, ഒരിക്കൽ വിശ്വഗുരുവായിരുന്ന ഭാരതത്തിന്റെ പേരും പെരുമയും വീണ്ടെടുക്കാൻ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഫലപ്രദമായ ആവിഷ്കാരം സഹായിക്കുമെന്ന് പ്രസിഡന്റ് വ്യക്തമാക്കി.
വിദ്യാലയങ്ങളും സർവകലാശാലകളും നവോത്ഥാനത്തിന്റെ കേന്ദ്രങ്ങളായിരിക്കണമെന്നും, രാജ്യവും സമൂഹവും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പുതിയ വഴികൾ കണ്ടെത്താനുള്ള പരിശ്രമങ്ങളിൽ ഇത്തരം സ്ഥാപനങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. പ്രാദേശിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സമഗ്ര പങ്കാളിത്തത്തിനും രാജ്യത്തിന്റെ സ്വയംപര്യാപ്തതയും ഊന്നൽ നൽകണമെന്നും പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ഉന്നത വിദ്യാഭ്യാസത്തിൽ നടന്ന സർവ്വേയിൽ പെൺകുട്ടികളുടെ ശതമാനം ആൺകുട്ടികളേക്കാൾ കൂടുതലാണെന്ന കാര്യം തന്നെ വളരെ സന്തോഷവാനാക്കുന്നുവെന്നും രാഷ്ട്രപതി അറിയിച്ചു.
Discussion about this post