ദോഹ: ട്രക്കുകളില്‍ അനുവദിച്ചതിലും കൂടുതല്‍ അളവില്‍ ഭാരം കയറ്റിയാല്‍ പിഴ ഈടാക്കുമെന്ന് ഗതാഗത വകുപ്പിന്റെ മുന്നറിയിപ്പ്. നിര്‍മാണ കമ്പനി തന്നെ ട്രക്കുകള്‍ക്ക് കൃത്യമായ ഭാരം നിശ്ചയിച്ചിട്ടുണ്ട്. അത് തെറ്റിച്ചാല്‍ 3000 റിയാല്‍ വരെ പിഴ ഈടാക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച നിര്‍ദേശം വകുപ്പ് പുറപ്പെടുവിച്ചു.
അഞ്ച് ആക്സില്‍ ട്രക്കുകളില്‍ പരമാവധി 45 ടണ്‍ ഭാരം മാത്രമെ കയറ്റാന്‍ സാധിക്കൂ. നാല്ആക്സില് ട്രക്കുകളില്‍ 42ടണ്ണും രണ്ട് ആക്സില്‍ ട്രക്കുകളില്‍ 21 ടണ്ണുമാണ് നിഷ്കര്‍ഷിച്ചിട്ടുള്ളത്. ഇത് ലംഘിച്ചാല്‍ അന്‍പത് മുതല്‍ 3000 റിയാല്‍ വരെ പിഴ ഈടാക്കുമെന്ന് പുതിയ നിര്‍ദേശത്തില്‍ പറയുന്നു.
ഗതാഗത നിയന്ത്രണമുള്ള റോഡില്‍ പെര്‍മിറ്റ് ഇല്ലാതെ വാഹനം ഡ്രൈവ് ചെയ്താല്‍ 500 റിയാലാണ് പിഴ. അനുമതിയില്ലാതെ റോഡ് നിരപ്പില്‍നിന്ന് 4.2 മീറ്റര്‍ ഉയരത്തിലധികം ഭാരവുമായി യാത്രചെയ്യുന്ന വാഹനങ്ങള്‍ക്ക് 3000 റിയാലാണ് പിഴ. വാഹനത്തില്‍ ലോഡ് ചെയ്തിരിക്കുന്ന വസ്തുക്കളുടെ വീതി അനുവദിച്ചതിലുമധികമായാല് 3000 റിയാല്‍ പിഴ ഈടാക്കും.
ഗതാഗതസുരക്ഷാ മാനദണ്ഡം പാലിച്ചില്ലെങ്കില്‍ 500 റിയാലാണ് പിഴ. വാഹന ലൈസന്‍സ് കൈവശമില്ലെങ്കിലോ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടും കാണിക്കാതിരുന്നാലോ 500 റിയാല്‍ പിഴ ഒടുക്കേണ്ടിവരുമെന്നും നിര്‍ദേശത്തില്‍ പറയുന്നു
Discussion about this post