കണ്ണൂർ : സംസ്ഥാനത്ത് കർഷക സംരംഭകരുടെ കൂട്ടായ്മകളുണ്ടാക്കി വളർത്തിയെടുക്കുന്ന ചുമതലയും വിദേശ ഏജൻസികളെ ഏൽപ്പിക്കാൻ തീരുമാനമായി. സംസ്ഥാന കൃഷി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്മോൾ ഫാർമേഴ്സ് അഗ്രി ബിസിനസ് കൺസോർഷ്യം ഇതിനായി ടെൻഡർ ക്ഷണിച്ചു.
എസ്.എഫ്.എ.സി ഇതിനായി ക്ഷണിച്ചിരിക്കുന്ന ഇ-ടെൻഡറുകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 10 ആണ്. അന്താരാഷ്ട്ര തലത്തിൽ മികവു തെളിയിച്ച കാർഷിക സംരംഭക പ്രോത്സാഹന ഏജൻസികൾക്കാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. സംസ്ഥാനത്തെ വിവിധ കർഷക സംരംഭങ്ങൾക്ക് കാർഷിക വിദഗ്ധരെയും ഉപദേശകരെയും സാങ്കേതിക വിദഗ്ധരെയുമെല്ലാം നൽകേണ്ടത് ഈ ഏജൻസിയായിരിക്കും. വിളവെടുക്കാനും വിപണനം ചെയ്യാനും ഇവർ വേണ്ട മേൽ നോട്ടങ്ങൾ വഹിക്കണം. ഇത്തരത്തിൽ ഒരു ഗ്രൂപ്പിനെ വളർത്തിയെടുക്കാൻ 21 ലക്ഷം രൂപ സർക്കാർ അനുവദിക്കും. കേരളത്തിലെ എല്ലാ ജില്ലകളിലുമായി 50 കൂട്ടായ്മകളെങ്കിലും ഇത്തരത്തിൽ ഉണ്ടാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
മൂന്നു വർഷം കൊണ്ട് പത്ത് കോടി 63 ലക്ഷം രൂപയാണ് ഏജൻസിക്ക് വേണ്ടി സംസ്ഥാന സർക്കാർ ചെലവ് കണക്കാക്കിയിരിക്കുന്നത്. മൂന്ന് വർഷത്തേക്കാണ് ഏജൻസിയുടെ കാലാവധി നിശ്ചയിച്ചിരിക്കുന്നത് കേരളത്തെ അഞ്ച് കാർഷിക മേഖലകളായി തിരിച്ച്, ഒരു മേഖലയിൽ ഒരു ഏജൻസിയെന്ന തോതിലാണ് പദ്ധതി നടപ്പിലാക്കുക.
Discussion about this post