തിരുവല്ല : മൂന്ന് ദിവസമായി ബിലീവേഴ്സ് ചർച്ചിൽ നടന്നുവന്നിരുന്ന റെയ്ഡ് പൂർത്തിയായി. റെയ്ഡിനിടെ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. റെയ്ഡ് പുരോഗമിക്കുന്നതിനിടെ സഭയുടെ വക്താവും മെഡിക്കൽ കോളേജിന്റെ മാനേജറുമായ ഫാദർ സിജോ പണ്ടപ്പള്ളിലിന്റെ ഐഫോൺ ആദായനികുതി ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എടുത്തിരുന്നു. എന്നാൽ, ഉദ്യോഗസ്ഥർ ഈ ഫോൺ പരിശോധിക്കുന്നതിനു മുമ്പ് ഫാ. സിജോ ഉദ്യോഗസ്ഥരുടെ കയ്യിൽ നിന്നും ഫോൺ തട്ടിപ്പറിച്ചോടി, നിലത്തെറിഞ്ഞുടച്ച് നശിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തി.
ബാത്റൂമിലേക്കോടിയ ഫാദർ ഫോൺ ഫ്ലഷ് ചെയ്യാൻ ശ്രമിക്കവെ ഉദ്യോഗസ്ഥരിടപെട്ട് വൈദികനെ പിടിച്ചുമാറ്റി തകർന്ന ഫോൺ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഈ ഫോണിലെ ഡാറ്റ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ കൈവശമുണ്ട്. കൂടാതെ, പെൻഡ്രൈവ് നശിപ്പിക്കാനുള്ള ശ്രമവും ഒരു ജീവനക്കാരിയുടെ ഭാഗത്തു നിന്നുമുണ്ടായി. ഇതും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ഇടപെട്ടതിനാലാണ് തടയാനായത്.
റെയ്ഡിനിടെ പിടിച്ചെടുത്തത് പതിനാലര കോടിയോളം രൂപയാണ്. ഇതിൽ ഏഴു കോടി രൂപ ബിലീവേഴ്സ് ആശുപത്രി ജീവനക്കാരന്റെ കാറിൽ നിന്നാണ് പിടിച്ചെടുത്തത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ വിദേശത്തുനിന്നും ബിലീവേഴ്സ് ചർച്ചിന് സഹായമായി ലഭിച്ചത് ആറായിരം കോടി രൂപയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.
Discussion about this post