തിരുവനന്തപുരം: ഡോളര്‍ കടത്തു കേസില്‍ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും. സഭാ സമ്മേളനത്തിനു ശേഷമായിരിക്കും ചോദ്യം ചെയ്യുക. കസ്റ്റംസ് ആക്ട് പ്രകാരം ചോദ്യം ചെയ്യാമെന്ന് അസി. സോളിസിറ്റര്‍ ജനറല്‍ പി.വിജയകുമാറാണു നിയമോപദേശം നല്‍കിയത്. സ്പീക്കറെ ചോദ്യം ചെയ്യാന്‍ നിയമ തടസ്സങ്ങളില്ല. സഭയോടുള്ള ആദരസൂചകമായി, സഭ സമ്മേളിക്കുന്ന വേളയില്‍ ചോദ്യം ചെയ്യല്‍ ഒഴിവാക്കാനും നിര്‍ദേശിച്ചു. നിയമോപദേശം ഇമെയിലായി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ക്ക് അയച്ചെന്നാണു വിവരം.
സഭയോടുള്ള ആദരസൂചകമായി ഈ സമയത്ത് ചോദ്യം ചെയ്യാനായി വിളിപ്പിക്കുന്നത് ഒഴിവാക്കണമെന്നാണ് കസ്റ്റംസിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം. എന്നാല്‍ ചോദ്യം ചെയ്യാന്‍ തടസങ്ങളില്ലെന്ന് നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു. ചോദ്യം ചെയ്യാനുള്ള കസ്റ്റംസിന്റെ വിവരശേഖരണത്തിന്റെ ഭാഗമായി കഴിഞ്ഞദിവസം സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.
കേസില്‍ പ്രതികളായ സ്വപ്ന സുരേഷും പി.എസ്.സരിത്തും നല്കിയ മൊഴികളുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണത്തിനാണു സ്പീക്കറെ ചോദ്യം ചെയ്യുന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന, സരിത് എന്നിവരുടെ സഹായത്തോടെ യുഎഇ കോണ്‍സുലേറ്റ് ഫിനാന്‍സ് വിഭാഗം മുന്‍ തലവന്‍ ഖാലിദ് അലി ഷൗക്രി കയ്റോയിലേക്ക് 1.90 ലക്ഷം യുഎസ് ഡോളര്‍ കടത്തിയെന്നാണു കേസ്. സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെടുത്തിയാണു ഡോളര്‍ കടത്തിലും കസ്റ്റംസ് കേസെടുത്തത്.
Discussion about this post