ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് ബ്രിട്ടൻ. ജൂണില്‍ യു.കെയിലെ കോണ്‍വാള്‍ മേഖലയില്‍ ആണ് ഉച്ചകോടി നടക്കാനിരിക്കുന്നത്. ലോകത്തിലെ ഏഴ് പ്രമുഖ ജനാധിപത്യ സമ്പദ്വ്യവസ്ഥകളായ യു.കെ, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്, യുഎസ്എ, യൂറോപ്യന്‍ യൂണിയന് എന്നിവ ഉള്‍പ്പെടുന്ന സംഘം കൊവിഡ് വൈറസ് പകര്‍ച്ചവ്യാധി, കാലാവസ്ഥാ വ്യതിയാനം, തുറന്ന വ്യാപാരം തുടങ്ങിയ ആഗോള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.
ബ്രിട്ടനില്‍ ജനിതക വ്യതിയാന സംഭവിച്ച കൊറോണ വൈറസിന്റെ വ്യാപനം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരിപാടിക്ക് ഇന്ത്യ സന്ദര്‍ശനം റദ്ദാക്കിയ യു.കെ പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ‘ജി 7 ന് മുന്നോടിയായി’ രാജ്യം സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ടെന്ന് വാർത്താക്കുറിപ്പില്‍ പറയുന്നു.
ഇന്ത്യയെ കൂടാതെ ഓസ്ട്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെയും ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മൂന്ന് രാജ്യങ്ങളെയും അതിഥികളായി ഉച്ചകോടിയിലേക്ക് ക്ഷണിച്ചിരിക്കുന്നത് വിവിധ മേഖലകളിലെ വൈദഗ്ധ്യവും അനുഭവങ്ങളും പങ്കുവയ്ക്കാനാണ്.
കൊവിഡ് വൈറസിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയും യു.കെയും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന സഹകരണം എടുത്തുകാണിക്കുന്ന പ്രസ്താവനയില്‍ ഇങ്ങനെ പറയുന്നു: ‘ ‘ലോകത്തിന്റെ ഫാര്‍മസി’ എന്ന നിലയില്‍, ഇന്ത്യ ഇതിനകം തന്നെ ലോകത്തിന് 50 ശതമാനത്തിലധികം വാക്സിനുകള്‍ വിതരണം ചെയ്യുന്നുണ്ട്, യു.കെയും ഇന്ത്യയും പകര്‍ച്ച വ്യാധിയുടെ സമയത്ത് ഉടനീളം ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാര്‍ പതിവായി സംസാരിക്കുന്നു, മാത്രമല്ല ജി 7ന് ശേഷം താന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് അറിയിച്ചിട്ടുണ്ട്.’
Discussion about this post