കൊല്‍ക്കത്ത: പൊതുവേദിയില്‍ ജയ്ശ്രീറാം വിളിച്ചതില്‍ പ്രതിഷേധിച്ച് പ്രസംഗിക്കാതിരുന്ന പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്ജിയ്ക്കെതിരെയുള്ള ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം മുറുകുന്നു. ഇന്ത്യയില്‍ താമസിക്കണമെങ്കില്‍ ജയ്ശ്രീറാം വിളിക്കണമെന്നെഴുതിയ പോസ്റ്ററുകള്‍ ഡല്‍ഹിയിലെ തൃണമൂല്‍ ഓഫീസിനു മുന്നിലൊട്ടിച്ചായിരുന്നു ഹിന്ദുത്വ സംഘടനയായ ഹിന്ദു സേനയുടെ പ്രതിഷേധം.
‘ശ്രീരാമന് ഇന്ത്യക്കാരുടെ പിതാമഹനാണ്. അദ്ദേഹത്തിന്റെ പേര് ഉച്ചരിക്കാന്‍ പ്രയാസമുള്ളവര്‍ രാജ്യം വിട്ട് പുറത്ത് പോണം. ഇന്ത്യയില്‍ താമസിക്കണമെങ്കില്‍ ജയ്ശ്രീറാം വിളിച്ചേ മതിയാകൂ’, ഹിന്ദുസേന നേതാവ് ബാം താക്കൂര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ വെച്ച് നടന്ന നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മവാര്ഷിക ചടങ്ങില്‍ വെച്ചായിരുന്നു ജയ് ശ്രീറാം വിളിയും മമതയുടെ പ്രതിഷേധവും നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചടങ്ങിലുണ്ടായിരുന്നു.
മമത പ്രസംഗിക്കാന്‍ വേദിയിലേക്ക് എത്തിയ സമയത്ത് സദസ്സിലെ ഒരു വിഭാഗം ആളുകള്‍ ജയ് ശ്രീറാം വിളി മുഴക്കുകയായിരുന്നു. തുടര്‍ന്ന മമത സംഭവത്തില്‍ രൂക്ഷമായി പ്രതികരിക്കുകയായിരുന്നു.
‘ഇത് ഒരു സര്‍ക്കാര്‍ ചടങ്ങാണ്, അല്ലാതെ രാഷ്ട്രീയപാര്‍ട്ടിയുടെ പരിപാടിയല്ല. ഇതിന് ഒരു അന്തസ്സ് വേണം. ആളുകളെ വിളിച്ചുവരുത്തി അപമാനിക്കരുത്. ഞാന്‍ ഇനിയൊന്നും സംസാരിക്കില്ല. ജയ് ബംഗ്ലാ, ജയ് ഹിന്ദ്.’ മമത ബാനര്‍ജി പറഞ്ഞു. തുടര്‍ന്ന് ചടങ്ങില്‍ നിന്നും മമത ബാനര്‍ജി ഇറങ്ങിപ്പോകുകയായിരുന്നു.
Discussion about this post