ബംഗളൂരു: രാജ്യത്തെ ജീവിക്കാന്‍ പറ്റിയ ഏറ്റവും നല്ല നഗരത്തിന്റെ പട്ടികയില്‍ ബംഗളൂരു ഒന്നാമത്. കേന്ദ്ര പാര്‍പ്പിട നഗരകാര്യ മന്ത്രാലയം തയാറാക്കിയ 2020ലെ സുഗമജീവിത സൂചികയിലാണ് (ഈസ് ഓഫ് ലിവിങ് ഇന്‍ഡ്ക്സ്-2020) പൂനെയെ നേരിയ വ്യത്യാസത്തില്‍ മറികടന്ന് ബംഗളൂരു ഒന്നാം റാങ്ക് നേടിയത്.
പത്തു ലക്ഷത്തിലധികം ജനസംഖ്യയുള്ളതും പത്തു ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ളതുമായി 111 നഗരങ്ങളാണ് ഇതിനായി പരിഗണിച്ചത്. ഇതില്‍ പത്തു ലക്ഷത്തിലധികം ജനസംഖ്യയുള്ള 49 നഗരങ്ങളില്‍നിന്നാണ് ഏറ്റവും മെച്ചപ്പെട്ട ജീവിതാന്തരീക്ഷം വാഗ്ദാനം ചെയ്യുന്ന നഗരമെന്ന നേട്ടത്തിന് ബംഗളൂരു അര്‍ഹമായത്.
ഉദ്യാന നഗരമായ ബംഗളൂരു റാങ്കിങ്ങില്‍ 66.70 പോയന്റ് നേടിയപ്പോള്‍ 66.27 പോയന്റുമായി പുണെ രണ്ടാം സ്ഥാനം നേടി. അഹ്മദാബാദ് (64.87), ചെന്നൈ (62.61) എന്നീ നഗരങ്ങളാണ് യഥാക്രമം മൂന്നും നാലും സ്ഥാനം നേടിയത്. ജീവിത നിലവാരം, സാമ്പത്തിക ഭദ്രത, സുസ്ഥിരത തുടങ്ങിയ 14 സൂചികകളുടെ അടിസ്ഥാനത്തിലും പൗരന്മാരുടെ അഭിപ്രായ സര്‍വേയിലൂടെയുമാണ് റാങ്കിങ് തയാറാക്കുന്നത്. സൂറത്ത്, നവി മുംബൈ, കോയമ്പത്തൂര്‍, വഡോദര, ഇന്ദോര്‍, ഗ്രേറ്റര്‍ മുബൈ എന്നിവയാണ് ആദ്യ പത്തില്‍ ഇടം പിടിച്ച മറ്റു നഗരങ്ങള്‍. രാജ്യതലസ്ഥാനമായ ഡല്‍ഹി പട്ടികയില്‍ 13ാം സ്ഥാനത്താണ്. ശ്രീനഗറാണ് ഏറ്റവും പിന്നില്‍.
വ്യാഴാഴ്ചയാണ് കേന്ദ്ര പാര്‍പ്പിട നഗര മന്ത്രാലയം 2020ലെ ഈസ് ഒാഫ് ലിവിങ് ഇന്‍ഡെക്സും മുനിസിപ്പല്‍ പെര്‍ഫോമന്‍സ് ഇന്‍ഡക്സും പുറത്തുവിട്ടത്. പത്തു ലക്ഷത്തിന് മുകളില്‍ ജനസംഖ്യയുള്ള നഗരങ്ങളിലെ മുനിസിപ്പല്‍ പെര്‍ഫോമന്‍സ് ഇന്‍ഡ്ക്സില്‍ 31ാം സ്ഥാനത്താണ് ബംഗളൂരു. ഇതില്‍ ഇന്‍ഡോറിനാണ് ഒന്നാം സ്ഥാനം.
നഗരഭരണ നിര്‍വഹണം, നഗരാസൂത്രണം, പൊതുജന സേവനം, റോഡുകളുടെ നിലവാരം തുടങ്ങിയവയാണ് മുനിസിപ്പല്‍ പെര്‍ഫോമന്‍സ് ഇന്‍ഡ്ക്സിന് മാനദണ്ഡമാക്കിയത്. പത്തു ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള നഗരങ്ങളുടെ ഈസ് ഓഫ് ലിവിങ് ഇന്‍ഡ്ക്സില്‍ ഷിംലയാണ് ഒന്നാമത്. ഭുവനേശ്വര്‍ രണ്ടാം സ്ഥാനത്തും സില്‍വാസ മൂന്നാം സ്ഥാനത്തുമാണ്. ഇതില്‍ കര്‍ണാടകയിലെ ദാവന്‍ഗരെ ഒമ്പതാം സ്ഥാനം നേടി. മുസാഫര്‍പുറാണ് ഏറ്റവും പിന്നില്‍. പത്തു ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ളിടങ്ങളിലെ മുനിസിപ്പല്‍ പെര്‍ഫോമന്‍സ് ഇന്‍ഡ്ക്സില്‍ ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സിലാണ് ഒന്നാമത്.
Discussion about this post