ന്യൂഡൽഹി : കോൺഗ്രസുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്നതായി കോൺഗ്രസ് ദേശീയ മാദ്ധ്യമ കോ ഓർഡിനേറ്റർ ആയ രാധിക ഖേര. അയോധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തിയതിന്റെ പേരിൽ കോൺഗ്രസുകാർ തന്നെ പാർട്ടി ഓഫീസിൽ പൂട്ടിയിട്ടതായി രാധിക പരാതിപ്പെട്ടു. ഛത്തീസ്ഗഡിലെ കോൺഗ്രസ് പാർട്ടി ആസ്ഥാനത്തെ മുറിയിലേക്ക് ബലമായി തള്ളി കയറ്റിയ ശേഷം പൂട്ടിയിടുകയായിരുന്നു എന്നാണ് രാധിക ഖേര വ്യക്തമാക്കുന്നത്.
രാമക്ഷേത്രത്തിലെ ദർശനത്തിന്റെ പേരിൽ വളരെ അപമര്യാദയായാണ് കോൺഗ്രസ് പ്രവർത്തകർ തന്നോട് പെരുമാറിയത്. ഇനിയും കോൺഗ്രസിൽ തുടരാൻ ആവില്ല. പാർട്ടി വിടുകയാണ്. കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും താൻ രാജിവെക്കുന്നതായി പാർട്ടിയെ അറിയിച്ചു എന്നും രാധിക വ്യക്തമാക്കി.
പാർട്ടി വിരുദ്ധമായി താൻ യാതൊരു കാര്യങ്ങളും പ്രവർത്തിച്ചിട്ടില്ല. എപ്പോഴും സത്യസന്ധതയോടെയും അർപ്പണബോധത്തോടെയും കോൺഗ്രസിനായി പ്രവർത്തിച്ചിട്ടുള്ള ആളാണ്. എന്നാൽ താനൊരു ഹിന്ദുവായതിനാലും സനാതന ധർമ്മത്തിൽ വിശ്വസിക്കുന്ന ആളായതിനാലും ആണ് അയോധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തിയത്. എന്നാൽ ഹിന്ദു ആയതിന്റെ പേരിൽ തനിക്ക് നീതി നിഷേധിക്കപ്പെടുകയാണ് ചെയ്യുന്നത്. കോൺഗ്രസ് മറ്റേതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയോട് അല്ല രാംലല്ലയോട് തന്നെയാണ് പോരാടുന്നത് എന്നും രാധിക ഖേര അറിയിച്ചു.
Discussion about this post