ചെന്നൈ : സ്ത്രീകളുമായുള്ള അമിതമായ സൗഹൃദം ചോദ്യം ചെയ്തതിന് അമ്മയെയും മുത്തശ്ശനെയും യുവാവ് കൊലപ്പെടുത്തി. തമിഴ്നാട് നാമക്കല്ലിൽ ആണ് സംഭവം നടന്നത്. നാമക്കൽ കോസവംപട്ടി സ്വദേശികളായ നദിയ, ഷണ്മുഖനാഥൻ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നദിയയുടെ മകനായ 20 വയസ്സുകാരൻ ഭഗവതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഫ്രൈഡ് റൈസിൽ വിഷം കലർത്തി നൽകിയാണ് ഭഗവതി അമ്മയെയും മുത്തശ്ശനെയും കൊലപ്പെടുത്തിയത്. ഭഗവതിക്ക് സ്ത്രീകളുമായി ഉണ്ടായിരുന്ന വഴിവിട്ട ബന്ധങ്ങൾ ചോദ്യം ചെയ്തതിനെ തുടർന്നാണ് ഇയാൾ കുറ്റകൃത്യം നടത്തിയത്. എൻജിനീയറിങ് വിദ്യാർത്ഥിയാണ് പ്രതിയായ ഭഗവതി. ഇയാൾക്ക് വീടിനും സമീപപ്രദേശങ്ങളിലുമായി നിരവധി സ്ത്രീ സൗഹൃദങ്ങൾ ഉണ്ടായിരുന്നതായി അയൽവാസികളും ബന്ധുക്കളും പോലീസിനെ അറിയിച്ചു.
എൻജിനീയറിങ് പഠനത്തോടൊപ്പം വീടിനു സമീപത്തെ ഇ സേവാ കേന്ദ്രത്തിൽ താൽക്കാലിക ജോലിയും ഭഗവതി ചെയ്തിരുന്നു. കഴിഞ്ഞമാസം 30നാണ് ഇയാൾ വീട്ടിലുള്ള എല്ലാവർക്കും ഫ്രൈഡ് റൈസ് വാങ്ങി വന്നത്. വീട്ടിലെ എല്ലാവരെയും കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം. എന്നാൽ ആദ്യം ഭക്ഷണം കഴിച്ച അമ്മയ്ക്കും മുത്തശ്ശനും ശാരീരിക പ്രശ്നങ്ങളുണ്ടായതോടെ വീട്ടിലുള്ള മറ്റുള്ളവർ ഭക്ഷണം കഴിച്ചില്ല.
ഭക്ഷ്യവിഷബാധ എന്ന രീതിയിൽ കേസെടുത്ത പോലീസ് നടത്തിയ തുടരന്വേഷണത്തിൽ ഫ്രൈഡ് റൈസ് വാങ്ങിയ ഹോട്ടലിൽ നിന്നും നൂറിലധികം പേർ ഭക്ഷണം കഴിച്ചിരുന്നതായും ആർക്കും ഒരു പ്രശ്നങ്ങളും ഇല്ല എന്നും കണ്ടെത്തി. തുടർന്ന് ഭക്ഷണത്തിന്റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ച് വിഷാംശം കണ്ടെത്തുകയും ചെയ്തതോടെയാണ് പോലീസ് ഭഗവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. കുറ്റം സമ്മതിച്ച പ്രതിയെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു.








