തിരുവനന്തപുരം : കേരളത്തിന്റെ തെക്കൻ തീരത്തും തമിഴ്നാട് തീരത്തും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
കടലാക്രമണത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ തീരപ്രദേശത്ത് താമസിക്കുന്നവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പുലർത്തണമെന്നാണ് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. അതേസമയം കേരളത്തിലെ 11 ജില്ലകളിൽ ചൊവ്വാഴ്ച വരെ ഉയർന്ന താപനില അനുഭവപ്പെടുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ബുധനാഴ്ചയോടെ സംസ്ഥാനത്ത് വേനൽ മഴ സജീവമാകും എന്നാണ് കാലാവസ്ഥ വകുപ്പ് പ്രതീക്ഷിക്കുന്നത്. ചൊവ്വാഴ്ച വരെ കൊല്ലം, തൃശ്ശൂർ, ആലപ്പുഴ, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ താപനില 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരം എന്നും കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിൽ സൂചിപ്പിക്കുന്നു.
Discussion about this post