ശ്രീനഗർ : പൂഞ്ചിൽ ഭീകരാക്രമണത്തിൽ വ്യോമസേന സൈനികൻ കോർപറൽ വിക്കി പഹാഡെ വീരമൃത്യു വരിച്ചത് ജന്മനാട്ടിലേക്ക് മടങ്ങാനിരിക്കെ. മദ്ധ്യപ്രദേശിലെ ഛിന്ദ്വാരയിലുള്ള നോനിയ കർബാൽ സ്വദേശിയായാണ് വിക്കി പഹാഡെ. മകന്റെ പിറന്നാൾ ആഘോഷത്തിന് നാട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്നു ആക്രമണം ഉണ്ടായത്. വരുന്ന ചൊവ്വാഴ്ചയായിരുന്നു വിക്കിയുടെ മകന്റെ പിറന്നാൾ.
ഇക്കഴിഞ്ഞ മാസം നടന്ന സഹോദരിയുടെ കല്യാണച്ചടങ്ങിൽ വിക്കി പഹാഡെ പങ്കെടുത്തിരുന്നു. തുടർന്ന് ഏപ്രിൽ 18 നാണ് യൂണിറ്റിലേക്ക് മടങ്ങിയെത്തിയത്. 33കാരനായ വിക്കി പഹാഡെ 2011 ലാണ് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്. അഞ്ചു വയസ്സുകാരനായ മകൻ, ഭാര്യ, അമ്മ, മൂന്നു സഹോദരിമാർ എന്നിവരടങ്ങുന്നതാണ് വിക്കി പഹാഡെയുടെ കുടുംബം.
മാർഷൽ വി ആർ ചൗധരിയും ഇന്ത്യൻ വ്യോമസേനയിലെ ഉദ്യോഗസ്ഥരും അദ്ദേഹത്തിന് അനുശോചനം രേഖപ്പെടുത്തി . കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു എന്നും വ്യോമസേനയിലെ ഉദ്യോഗസ്ഥർ പറഞ്ഞു. ശനിയാഴ്ച വൈകുന്നേരം ആണ് ആക്രമണം ഉണ്ടായത്. വ്യോമസേന അംഗങ്ങളെയും വഹിച്ചു വന്ന രണ്ടു വാഹനങ്ങൾക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്. ആക്രമണത്തിൽ നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തു .
Discussion about this post