ലഖ്‌നൗ : കഴിഞ്ഞ ജനുവരി 22ന് നടന്ന രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും അയോധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി. രാംലല്ലയ്ക്ക് മുൻപിൽ സാഷ്ടാംഗം പ്രണമിച്ചാണ് മോദി പ്രാർത്ഥനകൾ അർപ്പിച്ചത്. മെയ് 14ന് വാരണാസി ലോക്സഭാ മണ്ഡലത്തിൽ നിന്ന് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുൻപായാണ് മോദിയുടെ രാമക്ഷേത്ര ദർശനം.
രാമക്ഷേത്ര ദർശനത്തിനുശേഷം പ്രധാനമന്ത്രി മോദിയുടെ മെഗാ റോഡ് ഷോ അയോധ്യയിൽ നടന്നു. വലിയ ജനക്കൂട്ടത്തിന്റെ ആരവങ്ങൾക്കിടയിലൂടെ 2 കിലോമീറ്റർ ദൂരമായിരുന്നു പ്രധാനമന്ത്രിയുടെ റോഡ് ഷോ സംഘടിപ്പിച്ചിരുന്നത്. സുഗ്രീവ കോട്ടയിൽ നിന്നും ആരംഭിച്ച് ലതാ ചൗക്കിൽ സമാപിക്കുന്ന രീതിയിലാണ് മോദിയുടെ റോഡ് ഷോ സംഘടിപ്പിച്ചത്.
മെയ് 20ന് നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിലാണ് അയോധ്യയിൽ വോട്ടെടുപ്പ് നടക്കുന്നത്. സിറ്റിംഗ് എംപി ലല്ലു സിംഗ് ആണ് അയോധ്യയിലെ ബിജെപി സ്ഥാനാർത്ഥി. ഇദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥമായിരുന്നു ഇന്ന് മോദി അയോധ്യയിൽ റോഡ് ഷോ നടത്തിയത്.
Discussion about this post