പത്തനംതിട്ട: സംസ്ഥാന സർക്കാരിനെതിരെ പരിഹാസവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മോദി സര്‍ക്കാര്‍ നല്കിയ സാധനങ്ങള്‍ സഞ്ചിയിലാക്കി സൗജന്യ കിറ്റെന്ന് പറഞ്ഞ് മേനി നടിക്കുകയാണ് കേരള സർക്കാരെന്ന് അദ്ദേഹം പറഞ്ഞു.
യേശുദേവനെ പിന്നില്‍ നിന്ന് കുത്തിയ യൂദാസിന്റെ മനസ്സുള്ള ചില ആളുകള്‍ മോദി കോന്നിയില്‍ വരുന്നതിനെതിരെ പ്രസ്താവന ഇറക്കിയെന്നും കെ സുരേന്ദ്രൻ പറഞ്ഞു. മോദിയുടെ പാദസ്പര്‍ശം പോലും ഇത്തരക്കാരിൽ ഭയം ജനിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലവ് ജിഹാദിന്റെ പേരില്‍ എത്രയോ അമ്മമാര്‍ നിലവിളിക്കുമ്പോഴും പിണറായിയുടെ പോലീസ് ഭക്തരെ മര്‍ദിക്കുമ്പോഴും ഇത്തരം യൂദാസിന്റെ ആളുകള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. അവരാണിപ്പോള്‍ വിശ്വാസത്തിന്റെ പേര് പറയുന്നതെന്ന് കോൺഗ്രസ് നേതാക്കളെ ഉദ്ദേശിച്ച് അദ്ദേഹം പറഞ്ഞു.
മോദിയുടെ വികസനം ഇവിടെയും എത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ ജനങ്ങള്‍. കേരളം ഒരു വലിയ പരിവര്‍ത്തനത്തിന് കാതോര്‍ക്കുകയാണ്. ചോദിച്ചതിനേക്കാള്‍ കൂടുതല്‍ കേന്ദ്രം തന്നു. മോദി സര്‍ക്കാര്‍ ഇല്ലായിരുന്നെങ്കില്‍ കേരളത്തിന്റെ ഖജനാവ് പൂട്ടിപ്പോകുമായിരുന്നു. ശമ്പളവും പെന്‍ഷനും കൊടുക്കാനാകുമായിരുന്നില്ല. പ്രളയം വന്നപ്പോള്‍ മോദി നല്കിയ സഹായം സംസ്ഥാന സർക്കാർ ജനങ്ങള്‍ക്ക് നല്‍കിയില്ലെന്നും കെ സുരേന്ദ്രന് ചൂണ്ടിക്കാട്ടി.
Discussion about this post