തിരുവനന്തപുരം: സംസ്ഥാനത്ത് 20 ലക്ഷത്തിൽ പരം കള്ള വോട്ടുകളുടെ പട്ടിക തയ്യാറാക്കി പ്രതിപക്ഷം. ഇരട്ട വോട്ടുകള്‍ ചെയ്യുന്നവരെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കാനുള്ള കർശന നടപടികളാണ് യുഡിഎഫും ബിജെപിയും സ്വീകരിച്ചിരിക്കുന്നത്. ബൂത്ത് ഏജന്റുമാര്‍ക്കെല്ലാം ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ കൈമാറിക്കഴിഞ്ഞതായാണ് വിവരം.
കൃത്യമായ നീക്കങ്ങളിലൂടെ ഇരട്ടവോട്ട് ചെയ്തവരെ മുഴുവന്‍ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. ഇരട്ട വോട്ടുകള്‍ കണ്ടെത്തുകയും ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിട്ടും തിരഞ്ഞെടുപ്പ് കമ്മീഷന് വേണ്ട നടപടികള്‍ സ്വകരിക്കാത്ത പശ്ചാത്തലത്തിലാണ് അതീവ ജാഗ്രതപാലിച്ച് ഇരട്ടവോട്ടുകള്‍ ചെയ്യുന്നവരെ കണ്ടെത്താന്‍ സംസ്ഥാനത്തെ പ്രതിപക്ഷ പാർട്ടികൾ ഒരുങ്ങുന്നത്.
ബൂത്ത് തലത്തിലുള്ള വ്യാജ വോട്ടുകളുടെ പട്ടിക പോളിംഗ് ഏജന്റുമാര്‍ക്കു കൈമാറിയിട്ടുണ്ട്. തിരഞ്ഞെടുപ്പു കമ്മീഷന്റെ പട്ടികയിൽ 38,556 വ്യാജ വോട്ടുകളേ ഉള്ളൂ. എന്നാല്‍, ഒരു ഫോട്ടോ ഉപയോഗിച്ചു പല പേരുകളില്‍ വോട്ടര്‍ കാര്‍ഡ് ഉണ്ടാക്കിയതുള്‍പ്പെടെയുള്ള ക്രമക്കേടുകളുടെ തെളിവുകളാണ് പ്രതിപക്ഷം ശേഖരിച്ചിരിക്കുന്നത്.
വോട്ടര്‍മാരുടെ തിരിച്ചറിയല്‍ കാര്‍ഡ് മാത്രമല്ല, മുഖവും നോക്കണമെന്നും സംശയമുണ്ടെങ്കില്‍ ചാലഞ്ച് ചെയ്യണമെന്നുമാണ് ഏജന്റുമാര്‍ക്കു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ചാലഞ്ച് ചെയ്യുന്നതു തടസ്സപ്പെടുകയാണെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ടു പോകും. ചാലഞ്ച് ചെയ്യാന്‍ വേണ്ടത്ര സുരക്ഷാ സൗകര്യമില്ലാത്ത ബൂത്തുകളില്‍ സംശയിക്കുന്നവരുടെ പട്ടിക കൃത്യമായി രേഖപ്പെടുത്തണമെന്നും വോട്ടെടുപ്പു കഴിഞ്ഞാലുടന്‍ ഈ പട്ടിക ചീഫ് ഏജന്റിനു കൈമാറണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
വോട്ടു ചെയ്യാത്തവരുടെ പട്ടിക വിലയിരുത്തി കള്ളവോട്ടുകള്‍ കണ്ടെത്താനുള്ള സംവിധാനവും പ്രതിപക്ഷ പാർട്ടികൾ തയ്യാറാക്കിയിട്ടുണ്ട്. ഇങ്ങനെ തയാറാക്കുന്ന പട്ടികയുടെ അടിസ്ഥാനത്തില്‍ ഫലത്തിനു കാത്തു നില്‍ക്കാതെ നാളെ മുതല്‍ തന്നെ നിയമ നടപടികളിലേക്കു കടക്കാനാണ് തീരുമാനം. ഇരട്ട വോട്ട് ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ ചെയ്യുന്ന ആള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 171 ഡി വകുപ്പ് പ്രകാരം കേസെടുത്ത് വിചാരണ ചെയ്യാനുള്ള നടപടി സ്വീകരിക്കാൻ വ്യവസ്ഥയുണ്ട്.
ഇരട്ട വോട്ടുകളുടെ പട്ടിക രാഷട്രീയ പാര്‍ട്ടികള്‍ക്കും പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്കും നല്‍കണമെന്ന് നേരത്തെ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
Discussion about this post