ലണ്ടന്‍: രണ്ടാം തരംഗമായി ലോകമെങ്ങും അതിവേഗം പടരുന്ന കോവിഡ് മഹാമാരിയുടെ തുടര്‍ പ്രശ്നങ്ങളെ കുറിച്ച് ബ്രിട്ടീഷ് വിദഗ്ധര്‍ മുന്നറിയിപ്പു നല്കി. രണ്ട് ലക്ഷത്തിലേറെ കോവിഡ് മുക്തരില്‍ നടത്തിയ പഠനത്തിനൊടുവില്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ശക്തമായ മുന്നറിയിപ്പുള്ളത്. മൂന്നിലൊന്ന് പേരിലും മാനസിക പ്രശ്നങ്ങളോ നാഡീ സംബന്ധമായ രോഗങ്ങളോ ബാധിക്കുന്നതായാണ് കണ്ടെത്തിയത്. രോഗം വന്ന് ആറു മാസത്തിനകം ഇവരില്‍ പ്രശ്നങ്ങള്‍ കണ്ടെത്തിയതായും ‘ലാന്‍സെറ്റ് സൈക്യാട്രി’ ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പറയുന്നു.
17 ശതമാനം പേരിലും ഉത്കണ്ഠയാണ് കൂടുതലായി കണ്ടെത്തിയ പ്രശ്നം. മാനസിക അവസ്ഥയില്‍ പെട്ടെന്നുള്ള മാറ്റം കണ്ടത് 14 ശതമാനം ആളുകളിലാണ്. മറ്റു പകര്‍ച്ചപ്പനി ബാധിച്ചവരെ അപേക്ഷിച്ച് ഇത് വളരെ കൂടുതലാണ്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളിലാണ് നാഡീസംബന്ധമായ രോഗങ്ങള്‍ കൂടുതലായി തിരിച്ചറിഞ്ഞത്. തലച്ചോറിലും നാഡീവ്യവസ്ഥയിലും കൊറോണ വൈറസ് ഏല്പിക്കുന്ന ആഘാതം സംബന്ധിച്ച് കൂടുതല്‍ പഠനം വേണമെന്ന് നോട്ടിങ്ങാം യൂണിവേഴ്സിറ്റിയിലെ സൈക്യാട്രി പ്രഫസര്‍ ഡോ. മൂസ സമി പറഞ്ഞു. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സ തേടിയവരിൽ ഓര്മ നഷ്ടം, മസ്തിഷ്കാഘാതം പോലുള്ള ഗുരുതര പ്രശ്നങ്ങളും അപൂര്‍വമായി തിരിച്ചറിഞ്ഞിട്ടുണ്ട്.
അതേ സമയം, എന്തുകൊണ്ടാകാം ഈ പ്രശ്നങ്ങളെന്ന് സംഘം അന്വേഷിച്ചിട്ടില്ല. രോഗം വന്നതോടെ അനുഭവിക്കേണ്ടിവന്ന മാനസിക പ്രശ്നങ്ങള്‍ രോഗം വരുത്തിയെന്നു സംശയിക്കാമെന്ന് ഓക്സ്ഫഡ് ന്യൂറോളജി പ്രഫസര്‍ പറഞ്ഞു. കോവിഡ് രോഗികളില്‍ നടത്തിയ ഏറ്റവും വലിയ പഠനമായാണ് ഇത് പരിഗണിക്കപ്പെടുന്നത്.
Discussion about this post