കോഴിക്കോട്: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ കേസില്‍ സരിത നായര്‍ ഈ മാസം 27 വരെ അഞ്ചു ദിവസത്തേക്ക് റിമാന്‍ഡില്‍. കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. സരിതയെ കണ്ണൂര്‍ ജയിലിലേക്ക് കൊണ്ടുപോകും.
നടക്കാവ് സെന്റ് വിന്‍സെന്റ് കോളനി ‘ഫജര്‍’ ഹൗസില്‍ അബ്ദുല്‍ മജീദിന്റെ വീട്ടിലും ഓഫിസിലും സോളാര്‍ പാനല്‍ നല്‍കാമെന്ന് പറഞ്ഞ് 42.7 ലക്ഷം രൂപ പ്രതികള്‍ തട്ടിയെടുത്തെന്നാണ് കേസ്.
ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ജാമ്യം അനുവദിക്കണമെന്നുമുള്ള സരിത ആവശ്യം കോടതി അംഗീകരിച്ചില്ല. രാവിലെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്നാണ് സരിത നായരെ കോഴിക്കോട് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.
തട്ടിപ്പ് കേസില്‍ നേരത്തെ വിധി പറയാന്‍ നിശ്ചയിച്ചെങ്കിലും പ്രതികളാരും ഹാജരാവാത്തതിനെ തുടര്‍ന്ന് മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസേ്ട്രറ്റ് കോടതി വിധി ഏപ്രില്‍ 27ലേക്ക് മാറ്റുകയായിരുന്നു. വിധി ദിവസം ഹാജരാവത്തതിനെ തുടര്‍ന്ന് രണ്ടാംപ്രതി സരിത നായരുടെ ജാമ്യം റദ്ദാക്കുകയും ചെയ്തു. മാത്രമല്ല സരിതയെ അറസ്റ്റുചെയ്ത് ഹാജരാക്കാന്‍ ജില്ല പൊലീസ് മേധാവി എ.വി. ജോര്‍ജിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. കസബ സി.ഐ മുഖേന അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടും ഹാജരാവാത്തതിനെ തുടര്‍ന്നാണ് നേരിട്ട് അറസ്റ്റ് ചെയ്തത്.
ഹൈകോടതിയില്‍ നിന്ന് കീഴ്ക്കോടതിയില്‍ ഹാജരാവുന്നതിന് ഇളവ് നല്‍കിയത് നിലനില്‍ക്കുന്നുവെന്ന് കാണിച്ച് സരിതക്ക് വേണ്ടി നല്കിയ ഹർജി നേരത്തേ കോടതി തള്ളിയിരുന്നു. ഹൈക്കോടതി നല്കിയ ഇളവിന്റെ കാലാവധി കഴിഞ്ഞെന്ന് കണ്ടെത്തിയാണ് നടപടി. ഒന്നാം പ്രതി ബിജു രാധാകൃഷ്ണന് കേസില്‍ നേരത്തേ ജാമ്യമെടുത്തിരുന്നു. മൂന്നാം പ്രതി മണിമോനെതിരെ നേരത്തേ വാറന്റ് നിലവിലുണ്ട്.
സോളാര്‍ കേസിലെ നിലവിലെ കേസുകള്‍ കൂടാതെ ബിവറേജസ് കോര്‍പറേഷനിലും കെ.ടി.ഡി.സിയിലും ജോലി വാഗ്ദാനം നല്കി ലക്ഷങ്ങള്‍ വാങ്ങിയെന്ന പുതിയ കേസില്‍ സരിത നായര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജോലി വാഗ്ദാനം നല്കി ലക്ഷങ്ങള്‍ വാങ്ങി ഇരുപതോളം യുവാക്കള്‍ക്ക് വ്യാജ നിയമന ഉത്തരവുകള്‍ നല്കി എന്നാണ് നെയ്യാറ്റിന്‍കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. 11 ലക്ഷം തട്ടിയെന്ന ഓലത്താന്നി സ്വദേശി അരുണിന്റെ പരാതിയില്‍ സരിത നായരെ രണ്ടാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്.
ഈ കേസില്‍ മാസങ്ങള്‍ക്ക് ശേഷം ഏപ്രില്‍ 17നാണ് ആദ്യ അറസ്റ്റ് നടന്നത്. ഒന്നാം പ്രതിയും കുന്നത്തുകാല്‍ പഞ്ചായത്തിലെ സി.പി.ഐ അംഗവുമായ രതീഷാണ് അറസ്റ്റിലായത്. ഇടനിലക്കാരനായി പ്രവര്‍ത്തിച്ച കുന്നത്തുകാല്‍ പഞ്ചായത്തിലെ ഇടത് സ്ഥാനാര്‍ഥി ഷാജു പാലിയോടും സരിത നായരുമാണ് രണ്ടും മൂന്നും പ്രതികള്‍. ഓലത്താന്നി, തിരുപുറം സ്വദേശികളില്‍ നിന്ന് കെ.ടി.ഡി.സി, ബെവ്കോ എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം നല്കി പണം കൈപ്പറ്റിയതായാണ് പരാതി. പരാതിക്കാരില്‍ നിന്ന് പണം കൈപ്പറ്റിയതായി രതീഷ് പൊലീസിനോട് സമ്മതിച്ചിരുന്നു.
മന്ത്രി കടകംപള്ളി സുരേന്ദ്രന് അടക്കം ഒപ്പിട്ട വ്യാജ നിയമന ഉത്തരവ് നല്‍കിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് വിവരം. കഴിഞ്ഞ നവംബറില്‍ കെ.ടി.ഡി.സിയില്‍ ജോലി വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം തട്ടിയെടുത്തതായി പാലിയോട് സ്വദേശി നെയ്യാറ്റിന്‍കര പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
നെയ്യാറ്റിന്കരയില തൊഴില്‍ തട്ടിപ്പിന് ഇരയായ യുവാവുമായുള്ള സരിതയുടേതെന്ന് കരുതുന്ന ശബ്ദരേഖയും ഇതിനിടെ പുറത്തുവന്നിരുന്നു. പരാതിക്കാരനായ അരുണുമായുള്ള സംഭാഷണമാണ് പുറത്തുവന്നത്. സി.പി.എമ്മിന് തന്നെ പേടിയാണെന്നും പിന്‍വാതില്‍ നിയമനം പാര്‍ട്ടി ഫണ്ടിനാണെന്നും സരിത അവകാശവാദം ഉന്നയിക്കുന്നുണ്ട്. ആരോഗ്യകേരളം പദ്ധതിയില്‍ നാലുപേര്‍ക്ക് ജോലി നല്കി. പിന്‍വാതില്‍ നിയമനത്തില്‍ ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും പങ്കുണ്ടെന്നും ശബ്ദരേഖയില്‍ സരിത പറഞ്ഞിരുന്നു.
തൊഴില്‍തട്ടിപ്പ് കേസില്‍ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനും ബെവ്കോ മുന്‍ എം.ഡി സ്പര്‍ജന്‍ കുമാറിനും ബന്ധമുണ്ടെന്ന് വെളിപ്പെടുത്തുന്ന പ്രതി സരിത നായരുടെ ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. തട്ടിപ്പിന് ഇരയായ പരാതിക്കാര്‍ അന്വേഷണ സംഘത്തിന് കൈമാറിയ സരിത നായരുടേതെന്ന് അവകാശപ്പെടുന്ന ശബ്ദരേഖയുടെ വിശദാംശങ്ങളാണ് പുറത്തായത്.
Discussion about this post