ഡൽഹി : നാവികസേനയ്ക്ക് 43,000 കോടിരൂപ ചെലവിൽ ആറ് അത്യാധുനിക അന്തർവാഹിനികൾ നിർമിക്കാൻ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അനുമതി നൽകി. വെള്ളിയാഴ്ച പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്. ‘മേക്ക് ഇൻ ഇന്ത്യ’ പ്രകാരം സായുധസേനയിലെ ഏറ്റവും വലിയ നവീകരണ പദ്ധതികളിലൊന്നാണിത്.
കരസേനയുടെ ദീർഘ കാലാവശ്യങ്ങളിലൊന്നായ എയർ ഡിഫൻസ് ഗണ്ണുകളുടെ നവീകരണത്തിന് 6,000 കോടി രൂപയുടെ പദ്ധതിയും കൗൺസിൽ യോഗം അംഗീകരിച്ചു. വിദേശ കമ്പനികളിൽനിന്നു സംഭരിക്കുന്ന പതിവു രീതിക്കു വിരാമമിട്ട് ആത്മനിർഭർ ഭാരത്, മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം ഇന്ത്യൻ കമ്പനികളാവും ഇവ നിർമിക്കുകയെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
പ്രോജക്ട് പി.-75 (ഐ.) എന്നു പേരിട്ടിരിക്കുന്ന അന്തർവാഹിനി പദ്ധതിപ്രകാരം തന്ത്രപ്രധാന പങ്കാളിത്ത മാതൃകയിലാണ് എയർ പ്രൊപ്പൽഷൻ സംവിധാനമടങ്ങിയ അന്തർവാഹിനികളുടെ തദ്ദേശീയ നിർമാണം നടക്കുക. ഭാവിയിൽ അന്തർവാഹിനികളുമായി ബന്ധപ്പെട്ട സാങ്കേതിക സഹകരണത്തിന് വിദേശ രാജ്യങ്ങളെ ആശ്രയിക്കാതിരിക്കുക എന്ന ലക്ഷ്യവുമായാണ് അന്തർവാഹിനി നിർമാണത്തിനായി വലിയ തുക അനുവദിച്ചത്. 30 വർഷത്തിനുള്ളിൽ ഇന്ത്യയിൽ അന്തർവാഹിനി നിർമാണത്തിൽ അത്യാധുനിക കാര്യശേഷിയും സ്വാശ്രയത്വവും ലക്ഷ്യം വെച്ചാണിതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
പ്രതിരോധ മന്ത്രാലയത്തിനു കീഴിൽ മുംബൈയിലുള്ള മസ്ഗാവ് ഡോക്യാഡ് ലിമിറ്റഡിൽ ഫ്രാൻസിന്റെ തന്ത്രപരമായ പങ്കാളിത്തത്തോടെയായിരിക്കും നിർമാണം. ലാർസൺ ആൻഡ് ടൂബ്രോയെയും പങ്കാളിയായി സർക്കാർ കണ്ടെത്തിയിട്ടുണ്ട്. ഫ്രഞ്ച് നേവൽ ഗ്രൂപ്പ്, ജർമൻ ടി.കെ.എം.എസ്., ദക്ഷിണ കൊറിയൻ ദേവൂ, സ്പാനിഷ് നവനീത, റഷ്യൻ റോസോ ബോർബോ എക്സ്പോർട്ട് കമ്പനികളുമായി ഇവർ സഹകരിക്കും. സ്കോർപ്പീൻ അല്ലെങ്കിൽ കവൽരി മാതൃകയിലുള്ളതാവും നിർമാണം.
24 അന്തർവാഹിനികൾ സംഭരിക്കാൻ നാവികസേനയ്ക്ക് പദ്ധതിയുണ്ട്. ഇതിൽ ആറെണ്ണം ആണവ വിക്ഷേപണ ശേഷിയുള്ളതാണ്. നിലവിൽ 15 യാഥാസ്ഥിതിക മാതൃകയിലുള്ള അന്തർവാഹിനികളാണ് സേനയ്ക്കുള്ളത്. ആണവ ശേഷിയുള്ള രണ്ടെണ്ണവും. കപ്പൽഭേദക മിസൈലുകൾക്കൊപ്പം കുറഞ്ഞത് 12 കരയാക്രമണ ക്രൂസ് മിസൈലുകളെങ്കിലുമുള്ള അന്തർവാഹിനികളാണ് നാവികസേനയുടെ ആവശ്യം. 18 അതിഭാര ടോർപിഡോകളെയും വഹിക്കാൻ കഴിയണം. ഇത് സ്കോർപ്പീനിനെക്കാൾ കൂടുതൽ കാര്യക്ഷമവും അടുത്ത തലമുറയിൽപ്പെടുന്നതുമായിരിക്കും.
കരേസനയ്ക്ക് എയർഗണ്ണുകൾ വേഗത്തിൽ സംഭരിക്കുന്നതിനാണ് അനുമതി. ആവശ്യമായ വെടിയുണ്ടകളുൾപ്പെടെയുളള അനുബന്ധ പ്രതിരോധ ഉപകരണങ്ങളും തദ്ദേശീയമായി വാങ്ങാം.
Discussion about this post