മലപ്പുറം: ഉദ്യോഗസ്ഥരുടെയും സർക്കാരിന്റെയും വ്യവസായ വിരുദ്ധ നടപടികളെ തുടർന്ന് കിറ്റെക്സ് കേരളം വിട്ടത് ചർച്ചയാകുമ്പോൾ മലപ്പുറത്ത് നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന വസ്ത്ര നിർമാണ കമ്പനി കേരളം വിടാനിടയായ സാഹചര്യവും വാർത്തകളിൽ നിറയുന്നു.
മഞ്ചേരി തിരുവാലിയിൽ പ്രവർത്തിച്ചിരുന്ന ബേബി ഡ്രസ്സ് നിർമാണ കമ്പനിയായിരുന്നു സുമിക്സ്. ഐഎൻടിയുസി പ്രവർത്തകനും ചില മുതിർന്ന നേതാക്കളും ചേർന്ന് നടത്തിയ നീക്കങ്ങൾ കൊണ്ടാണ് സ്ഥാപനം മാറ്റേണ്ടി വന്നത് എന്ന് ഉടമ ബീന മുരളീധരൻ സ്വകാര്യ മാധ്യമത്തോട് പറഞ്ഞു.
കുഞ്ഞുടുപ്പുകൾ, ടർക്കി തുടങ്ങി വിവിധ ഉത്പന്നങ്ങൾ തിരുവാലിയിലെ ഈ പ്ലാന്റിൽ നിർമ്മിച്ചിരുന്നു. സ്ത്രീകൾ ഉൾപ്പെടെ ആയിരത്തോളം പേർക്ക് തൊഴിൽ നൽകിയിരുന്ന സ്ഥാപനമായിരുന്നു ഇത്. എന്നാൽ രാഷ്ട്രീയ കളികൾക്ക് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ സുമിക്സ് കേരളത്തിൽ പ്രവർത്തനം അവസാനിപ്പിച്ചു. കഴിഞ്ഞ വർഷം മാർച്ച് മുതൽ ഇത് കോയമ്പത്തൂരാണ് പ്രവർത്തിക്കുന്നത്.
ഐഎൻടിയുസി പ്രവർത്തകനായ ഒരാൾ സ്ഥാപനത്തിലെ മറ്റൊരു സ്റ്റാഫിനെ മർദ്ദിച്ചതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. തുടർന്ന് ഇയാൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കേണ്ടി വന്നു. പിന്നീട് തിരിച്ചെടുത്തു എങ്കിലും വീണ്ടും പ്രശ്നങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. പിന്നെ ഒഴിവാക്കേണ്ടി വന്നു. അതോടെ ചില പ്രാദേശിക നേതാക്കളെ കൂട്ട് പിടിച്ച് എല്ലാ വകുപ്പുകളിലും പരാതി നൽകാൻ തുടങ്ങി. ഒരു കാരണവശാലും പ്രശ്നക്കാരനെ തിരിച്ചെടുക്കാൻ ആകില്ല എന്നും നഷ്ടപരിഹാരം നൽകാൻ പറ്റില്ല എന്നും ഉള്ള നിലപാടിൽ സ്ഥാപന മേധാവി ഉറച്ച് നിന്നു.
ഐ എൻ ടി യു സി പ്രവർത്തകനും ജില്ലയിലെ പ്രമുഖനായ ഒരു കോൺഗ്രസ് നേതാവും ചേർന്ന് നടത്തിയ നീക്കങ്ങൾ കാരണം ഉദ്യോഗസ്ഥ സംഘങ്ങൾ സദാ ഫാക്ടറി കയറി ഇറങ്ങാൻ തുടങ്ങി. ആർക്കും ഒരു പ്രശ്നവും കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ ജീവനക്കാരുടെ ജോലി സമയം നഷ്ടമാകുന്നതും സ്ഥാപനത്തിന്റെ അച്ചടക്കം നഷ്ടമാകുന്നതും തുടർന്ന സാഹചര്യത്തിൽ പ്ലാന്റ് ഇവിടെ നിന്നും മാറ്റാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ബീന മുരളീധരൻ പറയുന്നു.
എന്നാൽ ഐ എൻ ടി യു സിക്ക് സുമിക്സിൽ രജിസ്ട്രേഷൻ ഉണ്ടായിരുന്നില്ലെന്നും വ്യക്തിപരമായ പ്രശ്നങ്ങളായിരിക്കാം പിന്നിലെന്നുമാണ് സംഘടനയുടെ പക്ഷം.
ഇന്ന് സുമിക്സ് കോയമ്പത്തൂരിൽ നല്ല നിലയിൽ പ്രവർത്തിച്ചു വരികയാണ്. പക്ഷേ കമ്പനി കേരളം വിട്ടതോടെ ഇന്നാട്ടുകാരായ സ്ത്രീകൾ ഉൾപ്പെടെയുള്ള ആയിരത്തോളം പേരുടെ ജോലി നഷ്ടമാകുകയായിരുന്നു.
Discussion about this post