ഡല്‍ഹി: കൊവിഡ് മൂന്നാം തരംഗ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഓണം, മുഹറം, ജന്മാഷ്ടമി, ഗണേഷ ചതുര്‍ഥി, ദുര്‍ഗ പൂജ എന്നീ ആഘോഷങ്ങള്‍ക്ക് പ്രാദേശിക തലത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്കി കേന്ദ്ര സര്‍ക്കാര്‍. ആഘോഷ ചടങ്ങുകള്‍ക്കിടെ ഉണ്ടാകാന്‍ സാധ്യതയുള്ള ഒത്തുചേരലുകള്‍ കോവിഡ് വ്യാപനം കൂട്ടാന്‍ സാധ്യതയുണ്ടെന്ന് ഐ.സി.എം.ആറും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേശീയ ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചത്.
കഴിഞ്ഞ മാസം കോവിഡ് കേസുകള്‍ കുറഞ്ഞെങ്കിലും കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ കണക്കുകള്‍ ആശാവഹമല്ല. ഇതിനാല്‍ ജൂണ്‍ 29ന് പുറപ്പെടുവിച്ച കേന്ദ്ര നിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.
‘വരാനിരിക്കുന്ന ഉത്സവങ്ങളായ മുഹറം (ഓഗസ്റ്റ് 19), ഓണം (ആഗസ്റ്റ് 21), ജന്മാഷ്ടമി (ആഗസ്റ്റ് 30), ഗണേഷ് ചതുര്‍ഥി (സെപ്റ്റംബര്‍ 10), ദുര്‍ഗ പൂജ (ഒക്ടോബര്‍ 5-15) എന്നിവയില്‍ പൊതു ഒത്തുചേരലുകള്‍ പ്രതീക്ഷിക്കുന്നു. ഈ ഉത്സവങ്ങള്‍ക്കിടെ പ്രാദേശിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും ഒത്തുചേരലുകള്‍ തടയുന്നതും സംസ്ഥാനങ്ങള്‍ സജീവമായി പരിഗണിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നു’ -ഭൂഷണ് കത്തില്‍ ആവശ്യപ്പെട്ടു.
Discussion about this post