ഇസ്ലാമാബാദ് : അഫ്ഗാനിസ്ഥാനില്‍ താലിബാന് തലസ്ഥാനത്തിനോട് അടുത്തുകൊണ്ടിരുന്ന ഓരോദിവസവും വലിയ ആവേശമായിരുന്നു പാകിസ്ഥാന് സര്‍ക്കാരിനുണ്ടായിരുന്നത്. അഫ്ഗാനിസ്ഥാനില്‍ താലിബാന് ഭരിക്കുന്നതിലൂടെ മേഖലയില്‍ തങ്ങളുടെ ഇഷ്ടങ്ങള്‍ നടപ്പിലാക്കാനാവും എന്ന് അവര്‍ കണക്ക് കൂട്ടി. എന്നാല്‍ താലിബാന് അധികാരം പിടിച്ചെടുത്തപ്പോള്‍ പഴയ ആവേശം നഷ്ടമായ അവസ്ഥയിലാണ് പാകിസ്ഥാന് ഇപ്പോള്‍.
അഫ്ഗാനില്‍ ഇന്ത്യയുടെ റോള്‍ അവസാനിപ്പിക്കുകയും, പറ്റിയാല്‍ കാശ്മീര്‍ പ്രശ്നത്തില്‍ താലിബാനെ തള്ളിവിട്ട് പ്രശ്നങ്ങള്‍ ഉണ്ടാക്കാനാവുമെന്നും പാകിസ്ഥാന് കണക്ക് കൂട്ടിയിരുന്നു. ഇതിന് ചുക്കാന്‍ പിടിക്കുന്നതിനായി പാകിസ്ഥാനിലെ തീവ്രവാദ ഗ്രൂപ്പുകള്‍ പാക് ചാരസംഘടനയുടെ ആഗ്രഹപ്രകാരം അഫ്ഗാനിലെത്തുകയും ചെയ്തു.
പാകിസ്ഥാനില്‍ വേരോട്ടമുള്ള പാക് താലിബാന് അഥവാ ടിടിപിയുടെ ഭീഷണിയാണ് ഇപ്പോള്‍ പാകിസ്ഥാന് നേരിടുന്നത്. അഫ്ഗാന് അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശം ഈ ഭീകരരുടെ കൈപ്പിടിയിലാണ്. പാകിസ്ഥാന് സൈന്യത്തിന് നേരെ നിറയൊഴിക്കുന്നത് ഈ ഭീകരര്‍ പതിവാക്കി. അടുത്തിടെ അഫ്ഗാനിലെ ജയിലില്‍ നിന്നും ഭീകരന്മാരെ താലിബാന് തുറന്ന് വിട്ടിരുന്നു. ഇവിടെ നിന്നും രക്ഷപ്പെട്ട ഭീകരരും പ്രത്യേകിച്ച് ഐസിസ് കെയില്‍ പ്രവര്‍ത്തിക്കുന്നവരും പാക് അതിര്‍ത്തി പ്രദേശത്ത് കുടിയേറിയിരിക്കുകയാണ്. താലിബാന് ഭീകരരുടെ കൈവശം അമേരിക്കന്‍ നിര്‍മ്മിത ആയുധങ്ങള്‍ എത്തിയതും പാകിസ്ഥാന് ഭീഷണിയാണ്. അതേസമയം പാക് സര്‍ക്കാരിനെ സൈന്യവുമായി ചേര്‍ന്ന് അട്ടിമറി നടത്തുവാന്‍ തീവ്രവാദികള്‍ ശ്രമിയ്ക്കാനും സാദ്ധ്യതയുണ്ട്.
ഇപ്പോള്‍ ഉയര്‍ന്ന് വന്ന ഭീഷണികള്‍ക്ക് തടയിടുന്നതിനായി അഫ്ഗാനിലേക്ക് പാക് നിയന്ത്രണമുള്ള താലിബാന് ആര്‍മി നിര്‍മ്മിക്കുവാനാണ് പാകിസ്ഥാന് താത്പര്യപ്പെടുന്നത്. ഇതിനായി അഫ്ഗാനിസ്ഥാന് സന്ദര്‍ശിക്കാന്‍ ഐഎസ്ഐ മേധാവി തയ്യാറെടുക്കുന്നതായി മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്ഥാന്റെ തണലില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന താലിബാന് ഭീകര നേതാക്കള്‍ ഒന്നൊന്നായി അഫ്ഗാനിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും മുന്‍പത്തെ പോലെ താലിബാന് മേല്‍ പാകിസ്ഥാന് നിയന്ത്രണമില്ലെന്നത് വസ്തുതയാണ്.
Discussion about this post