മുംബൈ : തിരക്കില്‍ ശ്വാസം മുട്ടുന്ന നഗരത്തിന് ആശ്വാസം നല്‍കുന്നതിന് വേണ്ടിയാണ് ദ മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് (എം.ടി.എച്ച്എല്.) അഥവാ സെവരി -നവസേവ സീലിങ്ക് പാലം നവി മുംബൈയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ കടല്‍പ്പാലം, ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ കടല്‍പ്പാലം തുടങ്ങി ദ മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്കിന് പ്രത്യേകതകള്‍ ഏറെ. ട്രാഫിക് തിരക്കുകള്‍ കുറയ്ക്കുക എന്നതിനൊപ്പം സാമൂഹിക-സാമ്പത്തിക വികസനത്തിലും പുതിയൊരു മുന്നേറ്റമായിരിക്കും ഈ പാലം യാഥാര്‍ഥ്യമാകുന്നതോടെ രാജ്യം കാണുക. 22 കിലോ മീറ്റര്‍ നീളമേറിയ കടല്‍പ്പാലം, അതില്‍ പതിനാറര കിലോ മീറ്റര്‍ കടലിന് മുകളിലൂടെയുള്ള യാത്ര. വര്‍ഷങ്ങള്‍ക്ക് മുമ്പ് വിഭാവനം ചെയ്ത ഈ പദ്ധതി 2022 ആകുന്നതോടെ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വികസനത്തിന്റെ പാരമത്യയില്‍ മുംബൈ നഗരം എത്തിക്കഴിഞ്ഞു. എന്നാൽ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയും പരിധി വിട്ടുളള വികസനത്തിന് വിലങ്ങു തടിയാകുന്നുണ്ട്. ഇനിയൊരു സാധ്യതയുണ്ടെങ്കില്‍ അത് നവി മുംബൈയില്‍ മാത്രമാണ്. നവി മുംബൈയില്‍ ഉത്തരപാതിയില് ഇതിനകം വികസനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ദക്ഷിണ മേഖലയില്‍ ഇനിയും വികസനത്തിന് സാധ്യതകളേറെയാണ്.
ദക്ഷിണ മുംബൈയിലെ സെവ്രിയില്‍ നിന്ന് തുടങ്ങി എലിഫന്റാ ദ്വീപിന്റെ വടക്കു വശത്തു കൂടി താനെ കടലിടുക്ക് മുറിച്ചുകടന്ന് നവസേവയ്ക്കടുത്തുള്ള ചിര്‍ലെ ഗ്രാമത്തിലാണ് പാലം അവസാനിക്കുന്നത്. നവി മുംബൈയെ മുംബൈയുമായി ബന്ധിപ്പിക്കുന്ന കടല്‍പ്പാലം യാഥാര്‍ഥ്യമാകുന്നതോടെ യാത്രാ സമയം ചുരുക്കുകയും ഇന്ധനം ലാഭിക്കുകയും ചെയ്യാം. നവി മുംബൈയുടെ വികസനം, മുംബൈയിലെ തിരക്ക് കുറയ്ക്കല്‍, നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വേഗത്തിലെത്താന്‍ സാധിക്കുക, പുണെ എക്സ്പ്രസ് വേയിലേക്ക് ബന്ധിപ്പിക്കല്‍ തുടങ്ങി ലക്ഷ്യങ്ങളോടെയാണ് പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്. നിർമാണം പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലമായി മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് മാറും.
മുംബൈ-നവി മുംബൈ നിലവില്‍ ബന്ധിക്കപ്പെടുന്നത് എയ്റോളി, വാശി പാലങ്ങളിലൂടെയാണ്. നിലവിലെ ട്രാഫിക് തിരക്കുകള്‍ താങ്ങാന്‍ തന്നെ ഈ പാലങ്ങള്‍ക്ക് ശേഷിയില്ല. ഭാവിയില്‍ ഉയരുമെന്നുറപ്പുളള ഗതാഗതത്തിരക്ക് നിയന്ത്രിക്കാന്‍ നീളമേറിയ പാലം കൂടിയേ തീരൂ. അതാണ് എം.ടി.എച്ച്.എല്‍. ഗതാഗത മേഖലയില്‍ എം.എം.ആര്.ഡി.എ. നടത്തിയ പഠനത്തില്‍ എം.ടി.എച്ച്.എല്‍. മാത്രമാണ് ഗതാഗത പ്രശ്നങ്ങള്‍ക്കുളള പരിഹാരമെന്ന് കണ്ടെത്തിയിരുന്നു.
മുംബൈ ഒരോ വശത്തുമായി മൂന്നു പാതകള്‍ അടങ്ങിയ ആറു വരി പാതയാണ് എം.ടി.എച്ച്.എല്‍. അടിയന്തരാവശ്യങ്ങള്‍ക്കായി ഏഴാമത് ഒരു വരിയും എക്സ്പ്രസ്വേയിൽ ഉണ്ടായിരിക്കും. എഡ്ജ് സ്ട്രിപ്സ്, ക്രാഷ് ബാരിയര്‍ എന്നിവയും പ്രത്യേകതകളാണ്. 22 കിലോ മീറ്റര്‍ നീളമുളള ഈ പാതയില്‍ പതിനാറര കിലോ മീറ്റര്‍ യാത്ര കടലിന് മുകളിലൂടെയായിരിക്കും. സെവ്രിയില്‍ ത്രീലെവല്‍ ഇന്റര്‍ചേഞ്ചാണ് ആസൂത്രണം ചെയ്തിട്ടുളളത്. ഇവിടെ ഈസ്റ്റേണ്‍ ഫ്രീവേ, സെവ് രി-വര്‍ളി ഈസ്റ്റ്-വെസ്റ്റ് കണക്ടര് എംടിഎച്ച്എല്ലുമായി കൂടിച്ചേരും. ഇന്റലിജന്‍സ് ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം, ഇന്റര്ചേഞ്ചസ്, അപ്രോച്ച് വിഭാഗങ്ങള്‍, ഒരു മറൈന്‍ ബ്രിഡ്ജിന് ആവശ്യമായ മറ്റുസൗകര്യങ്ങള്‍ എന്നിവയെല്ലാം ഉണ്ടായിരിക്കും.
സി.സി.ടി.വി. ക്യാമറകളുടെ സഹായത്തോടെ ട്രാഫിക് കണ്ട്രോള് സെന്റര്‍ പാതയിലെ ട്രാഫിക് നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യും. പാലം ഉപയോഗിക്കുന്നവര്‍ക്കുളള ഉചിതമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി വേരിയബിള്‍ മെസേജ് സൈനുകള്‍(VMS) സ്ഥാപിക്കും. പാരിസ്ഥിതിക മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി നോയ്സ് ബാരിയറുകളും സ്ഥാപിക്കും. 1.5 ലക്ഷം വാഹനങ്ങൾ വഹിക്കാനുളള കഴിവ് ഈ നീളമേറിയ ആറുവരി പാതയ്ക്കുണ്ടായിരിക്കും. ആദ്യവര്‍ഷം 45,000 വാഹനങ്ങളെയാണ് പ്രതീക്ഷിക്കുന്നത്.
നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ മുംബൈ മഹാനഗരത്തില്‍നിന്ന് നവി മുംബൈയുടെ തെക്കന്‍ പ്രദേശങ്ങളിലേക്കുള്ള ഏറ്റവും പെട്ടെന്നുള്ള പ്രവേശന മാര്‍ഗ്ഗമായി ഈ കടല്‍പ്പാലം മാറും. ഇത് നവി മുംബൈയുടെയും ചുറ്റുമുള്ള പ്രദേശങ്ങളുടെ വളര്‍ച്ചയും സാമൂഹിക-സാമ്പത്തിക വികസനവും കൂടുതല്‍ വേഗത്തിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2014 ഡിസംബറിലാണ് പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 2023-ഓടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ജനങ്ങള്‍ക്കായി തുറന്നു കൊടുക്കാനാകുമെന്നാണ് മുംബൈ മെട്രോപൊളിറ്റന്‍ റീജിയണ്‍ ഡെവലപ്മെന്റ് അതോറിറ്റി പ്രതീക്ഷിക്കുന്നത്.
Discussion about this post