കൂനൂരിൽ അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിൽ നിന്ന് പുറത്തെടുക്കുമ്പോൾ സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന് ജീവനുണ്ടായിരുന്നെന്ന് രക്ഷാപ്രവർത്തന സംഘത്തിലുണ്ടായിരുന്ന അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥൻ. ഹെലികോപ്റ്ററിറെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുക്കുമ്പോൾ ബിപിൻ റാവത്ത് അദ്ദേഹത്തിന്റെ പേര് പറഞ്ഞിരുന്നുവെന്നും ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേയാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചതെന്നും അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
അപകടത്തിൽ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന 14 പേരിൽ 13 പേരും മരിച്ചു. ജനറൽ ബിപിൻ റാവത്തിന് പുറമേ ഭാര്യ ഡോ. മധുലിക റാവത്ത്, ബ്രിഗേഡിയർ എൽ.എസ്. ലിഡ്ഡർ, ലഫ് കേണൽ ഹർജീന്ദർ സിംഗ്, നായക് ഗുരു സേവക് സിംഗ് നായക് ജിതേന്ദ്രകുമാർ, ലാൻസ് നായക് വിവേക് കുമാർ, ലാൻസ് നായക് ബി. സായി തേജ, ഹവിൽദാർ സത്പാൽ, ജൂനിയർ വാറന്റ് ഓഫീസറും സൂലൂരിലെ ഫ്ളൈ റ്റ് എൻജിനിയറുമായ തൃശ്ശൂർ പുത്തൂർ സ്വദേശി പ്രദീപ്, ജൂനിയർ വാറന്റ് ഓഫീസർ ദാസ്, പൈലറ്റ് വിംഗ് കമാൻഡർ ചൗഹാൻ, സ്ക്വാഡ്രൺ ലീഡർ കുൽദീപ് സിംഗ് എന്നിവരാണ് മരിച്ചത്. ഗ്രൂപ് ക്യാപ്റ്റൻ വരുൺ സിംഗ് മാത്രമാണ് രക്ഷപ്പെട്ടത്. 80 ശതമാനത്തോളം പൊള്ളലോടെ അദ്ദേഹം വെല്ലിങ്ടണിലെ സേന ആശുപത്രിയിൽ ചികിത്സയിലാണ്.
കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ അന്തരിച്ച സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെ സംസ്കാരം നാളെ നടക്കും. ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിൻറെ മൃതദേഹം ഇന്ന് വൈകീട്ട് സൈനിക വിമാനത്തിൽ മൃതദേഹം ഡൽഹിയിലേക്ക് കൊണ്ടുവരും. അന്തരിച്ച മറ്റ് 11 സൈനികരുടെ മൃതദേഹവും ഇന്ന് ഡൽഹിയിൽ എത്തിക്കും. രാജ്യം ഇന്ന് ദേശീയ ദുഃഖാചരണമായി ആചരിക്കും.
അതേസമയം കുനൂരിലെ അപകടസ്ഥലത്തു നിന്നും സൈനിക ബ്ലാക്ക് ബോക്സ് കണ്ടെത്തി. ഹെലികോപ്റ്റർ അപകടത്തിൽപ്പെടുന്നതിന് മുമ്പ് സംഭവിച്ചതിനെ കുറിച്ച് വ്യക്തത വരുന്നതിനായി ഫ്ളൈറ്റ് റെക്കോഡർ സഹായിക്കും.
Discussion about this post