ഇടുക്കി: പതിമൂന്ന് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ആസാം സ്വദേശി അംസർ അലിയെയാണ് (22) വണ്ടിപ്പെരിയാർ പൊലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് നിന്നുമാണ് പ്രതി പിടിയിലായത്.
കഴിഞ്ഞ ദിവസം പെൺകുട്ടിയെ കാണാതായതോടെ അസം സ്വദേശികളായ അമ്മയും സഹോദരനും പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അംസർ അലി പിടിയിലായത്. പെൺകുട്ടിയ്ക്കൊപ്പം ഇയാളെയും കാണാതായത് സംശയം ജനിപ്പിച്ചിരുന്നു.
മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ കോട്ടയം പാലക്കാട് വഴി പെൺകുട്ടിയെ കടത്തികൊണ്ട് പോകുന്നതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് പാലക്കാട് നിന്നും ഇരുവരെയും കണ്ടെത്തുകയായിരുന്നു.
പ്രതി തന്നെ നിരവധി തവണ പീഡിപ്പിച്ചതായി പെൺകുട്ടി പൊലീസിന് മൊഴി നൽകി. പോക്സോ, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പീരുമേട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Discussion about this post