പാക്-അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ പട്ടാളവും താലിബാനികളും തമ്മിൽ കൂട്ടത്തല്ല്. അഫ്ഗാൻ അതിർത്തിയിൽ മുള്ളുവേലി കെട്ടാനെത്തിയ പാകിസ്ഥാൻ പട്ടാളക്കാരെ താലിബാൻ തല്ലിയോടിച്ചതായി അന്താരാഷ്ട്രമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി പാക്-അഫ്ഗാൻ അതിർത്തിയിൽ ഇരുകൂട്ടരും തമ്മിലുള്ള സംഘർഷം തുടരുന്നതായാണ് റിപ്പോർട്ടുകൾ.
അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ മുള്ളുവേലി കെട്ടാൻ പാകിസ്ഥാൻ ശ്രമിക്കുന്നതിനിടെയാണ് സംഘർഷം ഉടലെടുത്തത്. ചിലയിടങ്ങളിൽ വെടിവെയ്പ്പുണ്ടായതായും റിപ്പോർട്ടുകളുണ്ട്.
അഫ്ഗാനിസ്ഥാന്റേയും പാകിസ്ഥാന്റേയും ഇറാനിന്റേയും അതിർത്തികൾ പങ്കിടുന്ന നിംറുസ് പ്രവിശ്യയിലെ (Nimruz Province) ചാർ ബുർജാക് ജില്ലയിലാണ് ആദ്യം സംഘർഷം ഉടലെടുത്തത്. മുള്ളുവേലി കെട്ടാനെത്തിയ പാകിസ്ഥാൻ പട്ടാളത്തെ അതിർത്തിയിൽ റോന്തു ചുറ്റിയ താലിബാനികൾ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പിന്തിരിഞ്ഞോടിയ പാകിസ്ഥാൻ പട്ടാളം കൂടുതൽ സന്നാഹങ്ങളുമായി വന്നപ്പോൾ താലിബാൻ അവർക്ക് നേരേ വെടിയുതിർത്തു.
അതിർത്തിയിലെ പത്ത് കിലോമീറ്റർ ഭാഗത്താണ് മുള്ളുവേലി കെട്ടാനായി പാകിസ്ഥാൻ ശ്രമിച്ചത്. ആക്രമണത്തിൽ പാകിസ്ഥാൻ പട്ടാളക്കാർ തിരിഞ്ഞോടിയപ്പോൾ പണികഴിഞ്ഞ ഭാഗത്തെ മുള്ളുവേലി മുഴുവൻ താലിബാൻ നശിപ്പിച്ചു. മുള്ളുവേലി കെട്ടാൻ കുഴിച്ചിട്ട ലോഹത്തൂണുകൾ താലിബാൻ പിഴുതെറിയുന്ന വീഡിയോകൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മുള്ളുവേലി കെട്ടാനായി കോൺക്രീറ്റ് ഉപയോഗിച്ച് കുഴിച്ചിട്ട ലോഹത്തൂണുകളിലേക്ക് താലിബാൻ ലോറി ഓടിച്ചുകയറ്റി അവ പിഴുതുകളയുന്ന വീഡിയോകളാണ് പ്രചരിച്ചത്. മുള്ളുകമ്പികളുടെ വലിയ സ്പൂളുകൾ താലിബാനികൾ കൈക്കലാക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു.
മുള്ളുവേലിയുടെ നിർമ്മാണത്തിനായി പാകിസ്ഥാൻ പട്ടാളം കൊണ്ടുവന്ന സാധനസാമഗ്രികൾ മുഴുവൻ താലിബാനികൾ അഫ്ഗാനിസ്ഥാനിലേക്ക് എടുത്തുകൊണ്ടുപോയതായി ചില അഫ്ഗാൻ മാദ്ധ്യമങ്ങളിൽ റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ താലിബാൻ മുഖ്യ വക്താവായ സൈബുള്ള മുജാഹിദ് മുള്ളുവേലി കെട്ടുന്നതിനെതിരേ പാകിസ്ഥാന് അന്ത്യശാസനം നൽകിയിരുന്നു.
അതേസമയം തങ്ങൾ പാലൂട്ടിവളർത്തിയ താലിബാനികളുടെ കൈയ്യിൽ നിന്ന് തല്ലുവാങ്ങി ഓടേണ്ടി വന്ന നാണക്കേടിന്റെ സമയത്ത് പാകിസ്ഥാൻ രാഷ്ട്രീയനേതൃത്വവും പാക് പട്ടാളത്തെ കൈവിട്ടിരിയ്ക്കുകയാണ്. പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തി വേലി പ്രശ്നം ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറൈഷി മാദ്ധ്യമങ്ങളോട് പറഞ്ഞു. “കുറച്ച് നിയമനിഷേധികൾ ഈ വിഷയം പെരുപ്പിച്ച് കാട്ടുകയാണ്. അഫ്ഗാൻ ഗവണ്മെന്റുമായുള്ള നയതന്ത്രചർച്ചകൾ വഴി ഞങ്ങളിത് പരിഹരിച്ചോളാം“. ഖുറൈഷി പറഞ്ഞു. ഖുറൈഷിയുടെ ഈ അയഞ്ഞ നിലപാടിൽ പാക് സൈന്യം അതൃപ്തരാണെന്നാണ് റിപ്പോർട്ടുകൾ. ഒരാഴ്ച മുൻപ് മുള്ളുവേലി വിഷയം താലിബാനുമായി സംസാരിച്ച് രമ്യതയിലെത്തിയെന്ന് പാകിസ്ഥാൻ സൈന്യത്തിന് രാഷ്ട്രീയനേതൃത്വം ഉറപ്പുകൊടുത്തിരുന്നു. അത് വിശ്വസിച്ച് നിർമ്മാണപ്രവർത്തനങ്ങൾ തുടർന്നപ്പോഴാണ് ഈ ആക്രമണമുണ്ടായത്.
താലിബാനികൾ ഭരണം കൈയ്യടക്കും മുൻപ് അഫ്ഗാനിസ്ഥാനിലുണ്ടായിരുന്ന ഗവണ്മെന്റുമായി മുള്ളുവേലി കെട്ടുന്ന വിഷയത്തിൽ പാക് പട്ടാളം സ്ഥിരം സംഘർഷമുണ്ടാക്കിയിരുന്നു. എന്തായാലും താലിബാനികൾ ഓടിച്ചുവിട്ടതോടെ പ്രശ്നപരിഹാരത്തിനായി എവിടേയും പോകാനില്ലാത്ത അവസ്ഥയിലാണ് പാകിസ്ഥാൻ.
Discussion about this post