ഉക്രെയ്നിലെ യുദ്ധമേഖലയില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുന്നതിന് സുരക്ഷിതപാത ഒരുക്കാന്‍ അടിയന്തര ഇടപെടല്‍ അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് പുറത്തു കടക്കാന്‍ മാനുഷിക പരിഗണന മുന്‍നിര്‍ത്തി സുരക്ഷിത പാത ഒരുക്കുന്നതിന് പ്രധാനമന്ത്രി റഷ്യന്‍ നേതൃത്വവുമായി അടിയന്തരമായി ഇടപെടണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.
റെഡ്ക്രോസ് ഉള്‍പ്പെടെയുള്ള സന്നദ്ധസംഘടനകളെ ഉപയോഗിച്ച് ഭക്ഷണവും വെള്ളവും എത്തിക്കാന്‍ അടിയന്തര നടപടിയെടുക്കണം. ബങ്കറുകളില്‍ കഴിയുന്ന വിദ്യാര്‍ഥികള്‍ വെള്ളവും ഭക്ഷണവും തീര്‍ന്നതിനാല്‍ പട്ടിണി നേരിടുകയാണ്. ഖാര്‍കീവ്, സുമി നഗരങ്ങളില്‍ രൂക്ഷമായ ഷെല്ലാക്രമണവും ബോംബാക്രമണവും നടക്കുകയാണെന്നും എന്ത് ചെയ്യണമെന്ന് വ്യക്തമായ നിര്‍ദേശമില്ലാത്തതിനാല്‍ വിദ്യാര്‍ഥികള്‍ അപകട സാധ്യതയുള്ള പടിഞ്ഞാറോട്ട് പലായനം ചെയ്യാന്‍ ശ്രമിക്കുന്നുവെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.
ഫെബ്രുവരി 27-ന് അയച്ച കത്തിന്റെ തുടര്‍ച്ചയായാണ് പുതിയ കത്ത് കൈമാറിയത്. ഓപ്പറേഷന് ഗംഗയുടെ ഭാഗമായി ഇതിനകം 244 മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാനായി. കൂടുതല്‍ വിദ്യാര്‍ഥികള്‍ നാട്ടിലേക്കുള്ള മടക്ക യാത്രയിലാണ്. യുക്രെയ്നില്‍ കുടുങ്ങി കിടക്കുന്ന വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെ ബന്ധപ്പെട്ട് അവരെ നാട്ടിലെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ നടത്തുന്നുണ്ടെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഒഴിപ്പിക്കല്‍ നടപടികള്‍ പ്രധാനമായും കീയവ് ഉള്‍പ്പെടെയുള്ള ഉക്രെയ്നിലെ പടിഞ്ഞാറന്‍ മേഖലകളിലാണ് ഇതുവരെ ശ്രദ്ധ കേന്ദ്രീകരിച്ചത്.
എന്നാല്‍, ഖാര്‍കീവ്, സുമി, കിഴക്കന്‍ യുക്രെയ്ന് നഗരങ്ങള്‍ എന്നിവിടങ്ങളില്‍ നിരവധി വിദ്യാര്‍ഥികള്‍ ഇപ്പോഴും കുടുങ്ങി കിടക്കുന്നുണ്ട്. അവിടങ്ങളില്‍ യുദ്ധം തീവ്രമായിട്ടുണ്ട്. ഇരു നഗരങ്ങളിലും ബോംബിങ്ങും ഷെല്ലിങ്ങും രൂക്ഷമായിട്ടുണ്ടെന്നും മുഖ്യമന്ത്രി കത്തിലൂടെ ചൂണ്ടിക്കാട്ടി.
Discussion about this post