ഹൈദരാബാദ്: അഗ്നിപഥ് പദ്ധതിയുടെ പേരിൽ സെക്കന്തരാബാദിലുണ്ടായ അതിക്രമങ്ങൾക്ക് പിന്നിൽ കോച്ചിംഗ് സെന്ററുകളെന്ന് ഹൈദരാബാദ് പൊലീസ്. ഉദ്യോഗാർത്ഥികളെ പ്രകോപിപ്പിച്ചതിന് പിന്നിൽ കോച്ചിംഗ് സെന്ററുകാർക്കും പങ്കുണ്ട്. ഇവർ അക്രമികൾക്ക് സാമ്പത്തിക സഹായം അടക്കം നൽകിയതായും പൊലീസ് കണ്ടെത്തി.
വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചു. സെക്കന്തരാബാദ് അതിക്രമങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചത് 5 വാട്സ്ആപ്പ് ഗ്രൂപ്പുകളാണെന്ന് കണ്ടെത്തിയതായും ഹൈദരാബാദ് പൊലീസ് അറിയിച്ചു. അക്രമങ്ങൾ ആസൂത്രണം ചെയ്ത അമ്പതോളം പേരെ സെക്കന്തരാബാദിൽ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അഗ്നിപഥ് നടപ്പായാല്‍ സൈന്യത്തില്‍ പ്രവേശനം ലഭിച്ചേക്കില്ലെന്ന് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ഇവര്‍ പ്രചരിപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് വ്യാപകമായ അക്രമങ്ങൾ അരങ്ങേറിയിരുന്നു.
അഗ്നിപഥ് പദ്ധതിക്കെതിരെ നടന്ന അതിക്രമങ്ങൾക്കിടെ നിര്‍ത്തിയിട്ടിരുന്ന മൂന്ന് ട്രെയിനുകള്‍ക്കാണ് സെക്കന്തരാബാദിൽ പ്രതിഷേധക്കാര്‍ തീവച്ചത്. ഈസ്റ്റ് കോസ്റ്റ് എക്സ്പ്രസ്, രാജ്കോട്ട് എക്സ്പ്രസ്, അജന്ത എക്സ്പ്രസ് എന്നിവയ്ക്കാണ് തീയിട്ടത്. ട്രെയിനിനുള്ളില്‍ നിന്ന് ചരക്ക് സാധനങ്ങള്‍ പുറത്തേക്ക് വലിച്ചിട്ടും പ്രതിഷേധക്കാര്‍ കത്തിച്ചു. റെയില്‍വേ ഓഫീസിലെ ജനല്‍ചില്ലുകളും സ്റ്റാളുകളും അടിച്ചു തകര്‍ത്തിരുന്നു. ബസുകള്‍ക്ക് നേരെയും കല്ലേറുണ്ടായി.
മൂന്ന് ട്രെയിനുകള്‍ കത്തിച്ചതിലൂടെ 20 കോടിയുടെ നാശനഷ്ടമുണ്ടായി. പാഴ്സല്‍ ഓഫീസില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങളും ബൈക്കുകളും അടക്കം പ്രതിഷേധക്കാര്‍ കത്തിച്ചിരുന്നു. പ്രതിഷേധങ്ങൾക്ക് പിന്നിൽ വലിയ ആസൂത്രണം നടന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ആക്രമണങ്ങൾക്ക് പിന്നിൽ ദേശവിരുദ്ധ ശക്തികൾ പ്രവർത്തിച്ചതായും സൂചന ഉണ്ടായിരുന്നു. അക്രമങ്ങൾക്കിടയായ സാഹചര്യങ്ങൾ കേന്ദ്ര ഏജൻസികളും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
Discussion about this post