കലോൽസവത്തിൻ്റെ കലവറയിൽ നിന്ന് പഴയിടം നമ്പൂതിരിയെ ആട്ടിപ്പായിച്ച ദിവസങ്ങൾക്ക് തൊട്ടുമുൻപ് ഈ കേരളത്തിൽ ആരും ശ്രദ്ധിക്കാതെ ക്രൂരമായ കൊലപാതകം നടനു. കൊലപാതകത്തിന്നിരയായത് സാധാരണക്കാരിയായ ഒരു ആരോഗ്യ വകുപ്പ് ജീവനക്കാരി. ജീവിതം ഒരുപാട് ഇനിയും മുന്നിലുണ്ടായിരുന്ന ഒരു പെൺകുട്ടി. സംഭവം നടന്നത് കോട്ടയത്ത്.
ഈ കൊലപാതകം ആദ്യത്തേതല്ല. കൊലപാതക പരമ്പരയിലെ ഇങ്ങേക്കണ്ണിയാണ്. ഇതിനുമുൻപും അനേകം മലയാളികൾ ഈ കൊലപാതക പരമ്പരയ്ക്ക് ഇരയായിട്ടുണ്ട്. ഔദ്യോഗികമായ കണക്കുകൾ ലഭ്യമല്ല, അല്ലെങ്കിൽ പുറത്ത് വിടുന്നില്ല. എന്നാലും കഴിഞ്ഞ മാസം മാത്രം ഒരു കൊലപാതകവും പത്തിലേറെപ്പേർ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലുമായി.
വിഷം ഉള്ളിൽച്ചെന്നാണ് ഈ ഇരകൾ കൊല്ലപ്പെട്ടത്. വിഷം ഉള്ളിൽ ചെന്നാൽ ദിവസങ്ങളോളം നരകിച്ചാണ് മരിയ്ക്കുക. ശക്തിയായ ഛർദ്ദിയും വയറിളക്കവുമാണ് തുടക്കത്തിലുണ്ടാവുക. കഠിനമായ തലവേദനയും പനിയും ദേഹാസ്വസ്ഥ്യവും ഉണ്ടാകും. ബോധക്ഷയമുണ്ടാകാം. കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചാലും രോഗമെന്തെന്ന് പലപ്പോഴും ആരോഗ്യപ്രവർത്തകർക്ക് മനസ്സിലാവണം എന്നില്ല. കാരണം വിഷം എങ്ങനെ ഉള്ളിൽചെന്നു എന്ന് പറയാൻ പലപ്പോഴും ഇരകൾ ഓർക്കാറില്ല.
രോഗചികിത്സ തുടർന്നാലും പലപ്പോഴും വിഷം വൃക്കകളേയോ തലച്ചോറിനേയോ ഒക്കെ ബാധിച്ചിരിക്കും. തലച്ചോറിനെ ബാധിച്ചാൽ കഠിനമായ സന്നി ഉണ്ടാകും. വൃക്കകളെ ബാധിച്ചാൽ മൂത്രത്തിനു പകരം രക്തം ഒഴുകും. വിവിധ അവയവങ്ങൾ പ്രവർത്തനശൂന്യമായിത്തുടങ്ങും. ദിവസങ്ങളോളം ഐ സി യുവിൽ അഡ്മിറ്റ് ചെയ്യേണ്ടി വരും. എത്ര രക്ഷിക്കാൻ ശ്രമിച്ചാലും പലപ്പോഴും ജീവനാശമാകും ഫലം.
വിഷം അൽഫാം, ഷവർമ്മ, കുഴിമന്തി, തുടങ്ങിയ പേരുകളിൽ വിൽക്കുന്ന വസ്തുക്കളാണ്. യാതൊരു തത്വദീക്ഷയുമില്ലാതെ വിഷം നിറയത്തക്ക രീതിയിൽ വൃത്തിഹീനമായി അത് വിൽക്കുന്നവർ കൊലപാതകികളും.
ഒരു മാസത്തിനുള്ളിൽ ഒരു കൊലപാതകം നടത്തുകയും പത്തോളം ആൾക്കാരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിക്കുകയും ചെയ്ത കൊലപാതകികൾ ഒരു കുഴപ്പവുമില്ലാതെ ചിരിച്ച് കളിച്ച് നമ്മുടെ മുന്നിലൂടെ നടക്കുമ്പോൾ ആ കൊലപാതകികൾ തന്ന വിഷത്തെ അലിയിച്ച് കളയാൻ തക്ക ശക്തിയുള്ള ആരോഗ്യഭക്ഷണം തരുന്ന ഒരാളെ നമ്മൾ ജാതി പറഞ്ഞ് അധിക്ഷേപിക്കുകയാണ്. വേദനയോടെ അദ്ദേഹം കലോൽസവ വേദികളിൽ നിന്ന് പടിയിറങ്ങുകയാണ്. എന്ത് തലതിരിഞ്ഞ സമൂഹമാണ് നാം!
എന്തുകൊണ്ടാണ് ഈ ആഹാരങ്ങൾ വിഷബാധയ്ക്ക് കാരണമാകുന്നു?
ഉത്തരം വളരെ ലളിതമാണ്.
ഇറച്ചിയിലെ ബാക്ടീരിയകൾ
ഇറച്ചിയിൽ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയകൾക്ക് വളരാൻ അനുകൂല സാഹചര്യമാണുള്ളത്. ചില പഠനങ്ങൾ കാണിക്കുന്നത് 80% കോഴികളിലും ഗുരുതര ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന കാമ്പൈലോബാക്ടർ (Campylobacter) എന്ന ബാക്ടീരിയ ഉണ്ടെന്നാണ്. സാൽമണെല്ല (Salmonella), ഇ കോളി (E. coli), യെർസീനിയ (Yersinia) തുടങ്ങിയ ബാക്ടീരിയകളും കോഴിയിറച്ചിയിൽ സാധാരണമാണ്.
മുട്ടയിലെ (മയണൈസ്) ബാക്ടീരിയകൾ
ഇതോടൊപ്പം ഷവർമ്മയിൽ ചേർക്കുന്ന മയണൈസ് പച്ചമുട്ടയുടെ മഞ്ഞക്കരുവും എണ്ണയും ചേർത്തുണ്ടാക്കുന്നതാണ്.(യഥാർത്ഥ മയണൈസ് ആണെങ്കിൽ. മിക്കയിടത്തും കൃത്രിമമായ എന്തെങ്കിലും രാസവസ്തുക്കൾ ആവാം). ഇതിൻ്റെ നിർമ്മാണത്തിൽ ഒരിക്കലും ചൂട് ഉപ്പയോഗിച്ച് പാചകം ചെയ്യുന്നതേയില്ല. കോഴിമുട്ടയുടെ തോടിൽ സാൽമണെല്ല ബാക്ടീരിയ വളരെ കൂടുതലാണ്. സുരക്ഷിതമായി നിർമ്മിച്ചില്ലെങ്കിൽ മയണൈസിൽ ഭക്ഷ്യവിഷബാധക്ക് കാരണമായ ബാക്ടീരിയകൾ ഉണ്ടാകും.
പാചകം ചെയ്യാത്ത പച്ചക്കറികളിൽ എത്തിപ്പെടുന്ന ബാക്ടീരിയകൾ
ഷവർമ്മയിൽ ചേർക്കുന്ന സാലഡ് മറ്റൊരു വില്ലനാണ്. പച്ച ഇറച്ചി തയ്യാറാക്കാൻ ഉപയോഗിക്കുന്ന പാത്രങ്ങൾ, കത്തികൾ, ചോപ്പിങ്ങ് ബോർഡ്, മറ്റ് അടുക്കള ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ച് സാലഡ് തയ്യാരാക്കിയാൽ ആ സാലഡിൽ ഭക്ഷ്യവിഷബാധയ്ക്ക് കാരണമായ ബാക്ടീരിയകൾ എത്തിച്ചേരും.
പാചകരീതി
ഷവർമ്മയിലായാലും കുഴിമന്തിയിലായാലും പാചകരീതി വളരെ പ്രധാനപ്പെട്ടതാണ്. തീയിൽ-കനലിൽ ഇറച്ചി ചുട്ടെടുക്കുകയാണ് ചെയ്യുന്നത്. കൊടും ചൂടിൽ ഇറച്ചിയുടെ പുറം ഭാഗം പെട്ടെന്ന് വെന്ത് കരിയുന്നു. എന്നാൽ ഇറച്ചിയുടെ ഉൾഭാഗം വേണ്ടത്ര വെന്തു എന്ന് വരില്ല. ഈ വേവാത്ത ഭാഗത്തുള്ള ബാക്ടീരിയകളും നശിച്ചിട്ടുണ്ടാവില്ല.
പഴകിയ ഭക്ഷണം
ഷവർമയിലും അൽഫാമിലും ഒക്കെ ഉപയോഗിക്കുന്ന ഇറച്ചി നല്ല രീതിയിൽ പാചകം ചെയ്താലും തണുത്ത് കഴിഞ്ഞാൽ അവയിൽ അണുക്കൾ വളരാനുള്ള ഏറ്റവും നല്ല പരിസ്ഥിതിയാണുള്ളത്. മിക്ക അൽഫാം കുഴിമന്തി ഭക്ഷണശാലകൾക്കും പഴകിയ ഭക്ഷണം നൽകാൻ ഒരു മടിയുമില്ല എന്നതാണ് സത്യം. തണുത്ത മാംസാഹാരം നന്നായി ചൂടാക്കാതെയിരുന്നാൽ അവയിൽ സാല്മണെല്ല പോലെയുള്ള ബാക്ടീരിയകൾ വളർന്ന് പെരുകും.
പഴകിയ ചോറ്
ഇറച്ചി മാത്രമല്ല, പഴകിയ ചോറും അപകടകാരിയാണ്. പ്രത്യേകിച്ച് ഇറച്ചി വേവിക്കുന്ന അടുക്കളയിൽ സൂക്ഷിച്ച പഴയ ചോറ് . പച്ച ഇറച്ചി എടുത്ത പാത്രങ്ങൾ, അടുക്കള ഉപകരണങ്ങൾ എന്നിവ പൂർണ്ണമായും അണുനാശനം ചെയ്യാതെയിരുന്നാൽ അവയിൽ നിന്നുള്ള ബാക്ടീരിയകൾ ചോറിലും വളർന്ന് പെരുകാം. ബാസിലസ് സിരിയസ് (Bacillus cereus) പോലെയുള്ള ബാക്റ്റീരിയകളും ഇതിൽ വളരാം.
എന്തുകൊണ്ട് കറികളോ സാധാരണ ഭക്ഷണ വസ്തുക്കളോ ഇത്രയും ഭക്ഷ്യവിഷബാധ ഉണ്ടാക്കുന്നില്ല?
ഇറച്ചികൾ കറിവയ്ക്കുമ്പോൽ കുറഞ്ഞത് മുപ്പത് മിനിട്ടെങ്കിലും തിളനിലയിൽ പാകം ചെയ്യപ്പെടുന്നുണ്ട്. ഇത് വഴി മിക്ക ബാക്ടീരിയകളും നശിക്കും. മാത്രമല്ല കറിയിൽ ചേർക്കുന്ന മസാലകളും മഞ്ഞളും കുരുമുളകും എല്ലാം ഈ ബാക്ടീരിയകളുടെ സുഗമമായ വളർച്ചയെ തടയുന്നതാണ്. കറികളിൽ ആവശ്യത്തിന് ഉപ്പും കുരുമുളകും മഞ്ഞളും മസാലകളും ഒക്കെ ഉള്ളതുകൊണ്ട് തണുത്താലും ഒരു പരിധി വരെ ദോഷകാരികളായ ബാക്ടീരിയകൾ അവയിൽ വളർന്ന് പെരുകില്ല. അവിടെയാണ് ഈ മാംസം പൂർണ്ണമായി പാകം ചെയ്യാത്ത, മസാലകളോ ഉപ്പോ ഒന്നും ഉപയോഗിക്കാത്ത അറേബ്യൻ രീതിയിലുള്ള പാചകരീതികൾ വില്ലനാകുന്നത്.
ഇനി തൽക്കാലം അണുബാധയോ ഭക്ഷ്യവിഷബാധയോ വന്ന് മരിച്ചില്ലെങ്കിലും ഈ ഭക്ഷണരീതി വളരെയേറെ ദൂരവ്യാപകമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇറച്ചി കനലിൽ ചുട്ടെടുക്കുമ്പോൾ ഹെട്രോസൈക്ളിക് അമീനുകൾ Heterocyclic amines (HCAs) എന്നും പോളിസൈക്ളിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ (polycyclic aromatic hydrocarbons (PAHs)) എന്നും രണ്ട് തരം രാസവസ്തുക്കൾ ഉണ്ടാകുന്നുണ്ട്. ഈ രണ്ട് തരം രാസവസ്തുക്കളും കാൻസറിന് കാരണമാകുന്നു എന്ന് ലോകാരോഗ്യസംഘടന തന്നെ പ്രസ്താവന നടത്തിയിട്ടുണ്ട്. മാത്രമല്ല പാചക എണ്ണയുടെ ദുരുപയോഗം വഴി എണ്ണയിലും ഇത്തരം കാൻസർകാരിണികളായ രാസവസ്തുക്കൾ ഉണ്ടാവുന്നുണ്ട്.
അൽഫാം കഴിച്ച് മരണം, കുഴിമന്തിയിൽ നിന്ന് ഭക്ഷ്യവിഷബാധ, ഷവർമ്മ കഴിച്ച് മരണം….തലക്കെട്ടുകൾ നമുക്കിന്ന് വാർത്തയേ അല്ലാതെ മാറുകയാണ്. ആരോഗ്യമായും സമാധാനമായും പരിസ്ഥിതിക്കിണങ്ങിയും ജീവിക്കാൻ നമ്മെ പ്രാപ്തമാക്കുന്ന ഭക്ഷണം വിളമ്പുന്ന പഴയിടത്തെ പടിയിറക്കി നാം കൊലമന്തി വിളമ്പുകയാണ്.
കേരളം എവിടെയെത്തി നിൽക്കുന്നു എന്നതൊക്കെ പഴകിത്തേഞ്ഞ പ്രയോഗങ്ങളായി. യുവജനോത്സവ വേദികൾ, കലാസപര്യയുടെ മാറ്റുരയ്ക്കുന്ന ക്ഷേത്രാങ്കണങ്ങളിൽ ഇനിമുതൽ ശുദ്ധമെന്നോ സാത്വികമെന്നോ പോലും മിണ്ടിപ്പോകരുതെന്നാണ് തീട്ടൂരം. അവർ നേരത്തേ തീരുമാനിച്ചുറപ്പിച്ച പോലെ ആടുകയാണ്. കൂടെയാടി അവസാനം ആഞ്ഞു കൊത്തലിന്നിരയായി വിഷം തീണ്ടണോ അതോ നിവർന്ന് നിന്ന് ആ വിഷപ്പത്തിക്കെതിരേ പ്രതികരിക്കണോ എന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്.
Discussion about this post