
നന്ദികേശന്
രാഷ്ട്രീയക്കാരും പ്രാസംഗികരും ഒക്കെ ഇപ്പോള്‍ പേടിക്കുന്നത് അഴിമതിയാരോപണങ്ങളെയോ വിജിലന്‍സ് കേസുകളെയോ അല്ല. കേസുണ്ടായാലും കുഴപ്പമില്ല; പോലീസ് വന്നു കഴുത്തിനു പിടിച്ച് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് വരെ അധികാരത്തില്ത്തുടരാനുള്ള ധാര്‍മിക അവകാശം ഉണ്ട് എന്ന് മുഖ്യമന്ത്രി സോദാഹരണം വ്യക്തമാക്കിയത് കൊണ്ട് ഇനി ആ വഴിയ്ക്ക് പേടി വേണ്ടതില്ല എന്ന് എല്ലാവര്ക്കും മനസ്സിലായി. ഇനിയിപ്പോള്‍ എന്തിനെയാണ് പേടിക്കേണ്ടത്..? സ്വന്തം വായിലെ നാവിനെയാണ്…
കണ്ണൂര്‍ എസ്.പിയ്ക്ക് ആ പണി ചെയ്യാന്‍ അറിയില്ലെങ്കില്‍ അദ്ദേഹത്തിനു പറ്റിയ ഒരു പണി ഉപദേശിച്ചു കൊടുത്ത് പണി മേടിച്ചത് മറ്റാരുമല്ല; നമ്മുടെ വി.എസ് സഖാവ് തന്നെയാണ്.. എസ്.പിയ്ക്ക് പോലീസ് പണി അറിയില്ലെങ്കില്‍ പോയി മീന്‍ വിറ്റുകൂടേ..?!! എത്ര ലളിതമായ ഉപദേശം… വേണമെങ്കില്‍ സി.ഐ.ടി.യു വിനു കീഴിലുള്ള മത്സ്യത്തൊഴിലാളി സംഘടനയിലെയ്ക്ക് വി.എസ് ഒരു കത്തും തന്നു വിടും..അത് കൊണ്ടുപോയി സെക്രട്ടറിയ്ക്ക് കൊടുത്താല്‍ മതി. മുന്‍പ് സി.ഐ.ടി.യുവിന് വി.എസ് കൊടുത്തിട്ടുള്ള പണികളുടെ സ്മരണ സെക്രട്ടറിയുടെ മനസ്സിലുണ്ട് എങ്കില്‍ കത്തും കൊണ്ട് ചെല്ലുന്നവന് സൂപ്പര്‍ പണി ഉറപ്പാണ്…!!! എന്തായാലും സഖാവിന്റെ സദുദ്ദേശം പതിവുപോലെ ചില പത്രക്കാര്‍ക്കും സാമൂഹ്യമാധ്യമങ്ങള്‍ക്കും ദുരുദ്ദേശമായിത്തന്നെയാണ് തോന്നിയത്..!പോയി മീന്‍ പിടിച്ചു കൂടേ എന്ന ചോദ്യത്തിലൂടെ മത്സ്യബന്ധനം എന്ന ഉപജീവനവൃത്തിയെ വി.എസ് പരോക്ഷമായി കളിയാക്കി എന്നായിരുന്നു ദോഷൈകദൃക്കുകളുടെ വാദം…!താത്വികമായി അവലോകനം ചെയ്യുമ്പോള്‍ പ്രഥമദൃഷ്ട്യാ അങ്ങനെ ഒരു പ്രതീതി ഉണ്ടായേക്കാം എങ്കിലും സൈദ്ധാന്തികമായി പുനര്‍വിചിന്തനം ചെയ്താല്‍ ഈ പ്രതീതിയില്‍ കഴമ്പില്ല എന്നും കേരളത്തിലെ ചില ഗ്രാമാന്തരങ്ങളില്‍ നിലവിലുള്ള വാമൊഴിഭാഷയുടെ സൌന്ദര്യമാണ് വി.എസ്സിന്റെ വാഗ്ധോരിണിയിലൂടെ ബഹിര്‍ഗമിച്ച് നമ്മളെ പുളകം കൊള്ളിച്ചത് എന്നും മറ്റുമുള്ള പ്രതിരോധങ്ങളുമായി പാര്‍ട്ടി സ്നേഹികളും രംഗത്തെത്തിയിട്ടുണ്ട്..!! ഈ കാവ്യകേളിയില്‍ ആര് ജയിക്കും എന്നത് കണ്ടറിയണം..!!
‘വല്ല ചൂണ്ടയിടാനും പോയ്ക്കൂടെടാ..? പോയി ചെരച്ചൂടെ ടാ..’ എന്നിവയൊക്കെ നമ്മുടെ നാട്ടിന്‍പുറങ്ങളിലെ വാമൊഴി സംവാദങ്ങളില്‍ സ്ഥിരമായി ഉപയോഗിക്കുന്ന ശൈലികളാണ് എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല..!! എന്നാല്‍ എത്രയൊക്കെ സൈദ്ധാന്തികമായി വാദിച്ചാലും തൊഴിലിനധിഷ്ഠിതമായി വ്യക്തികളെയും വിഭാഗങ്ങളെയും വിലയിരുത്തിയിരുന്ന ഫ്യൂഡല്‍ മനസ്ഥിതിയുടെ അവശേഷിപ്പുകള്‍ ഇത്തരം പ്രയോഗങ്ങളില്‍ നിന്നും ഇല്ലാതാകില്ല..!! ചെരയും മീന്‍പിടുത്തവും ഒക്കെ തങ്ങളും സമശീര്‍ഷരും ചെയ്യേണ്ട ജോലികല്ല എന്ന ബോധ്യം തന്നെയാണ് ഇത്തരം ഉപമകളുടെ ആവിര്‍ഭാവത്തിനു പിന്നില്‍.. ‘പോയി നികുതി പിരിച്ചുടേടാ’, ‘പോയി വല്ല ജന്മീടേം കാര്യസ്ഥപ്പണി നോക്കിക്കൂടെടാ’ എന്നോ ഒക്കെയുള്ള ഉപമകള്‍ ഈ സന്ദര്‍ഭങ്ങളില്‍ ആരുടേയും നാവിന്തുമ്പില് വന്നതായോ വരുന്നതായോ കണ്ടിട്ടില്ല..!അധ്വാനത്തിന്റെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്താല്‍ ഒരു മൂലയില്‍ കുത്തിയിരുന്നു ചെയ്യാവുന്ന ചെരയെക്കാള് അധ്വാനം വേണ്ട പണിയല്ലേ പറമ്പ് മുഴുവന്‍ ഓടി നടന്നുള്ള കാര്യസ്ഥപ്പണി..?മാത്രമല്ല ചെരയ്ക്കുന്നവന് അവനവന്റെ അധ്വാനം കൊണ്ട് സമ്പാദിക്കുമ്പോള്‍ കാര്യസ്ഥന് ജന്മിയ്ക്ക് വിടുപണി ചെയ്ത് അവന്റെ അടുക്കളയിലെ ബാക്കിഭക്ഷണം കൊണ്ടും അവന്റെ പറമ്പിലെ വഹകള്‍ വഹിച്ചും ജീവിക്കുന്നു..!! അപ്പോള്‍ മാന്യതയുടെ കാര്യത്തിലും കാര്യസ്ഥനെക്കാള് എത്രയോ മുകളിലാണ് ചെരയ്ക്കുന്നവന്.. എന്നിട്ടും ജന്മിത്വത്തിനെതിരെ പോരാടി അധസ്ഥിതവര്ഗത്തെ ഉദ്ധരിച്ചു എന്നൊക്കെ അവകാശപ്പെട്ട് കോള്മയിര് കൊണ്ട പ്രസ്ഥാനങ്ങള്‍ക്ക് പോലും എതിരാളിയുടെ കര്മശേഷിയില്ലായ്മയെ ഇകഴ്ത്തിക്കാണിക്കുവാന്‍ അവനെ ശരീരം വിയര്‍ത്ത് അന്നന്നത്തെ അന്നം കണ്ടെത്തുന്നവന്റെ തൊഴില്‍ ചെയ്യാന്‍ ക്ഷണിച്ചു കൊണ്ട് വേണം..!!
അതൊക്കെ പോകട്ടെ; ഇതുവെറും വാമൊഴി സൌന്ദര്യമാണ് എന്ന് തന്നെ കണക്കു കൂട്ടാം..!! അപ്പോള്‍ വി.കെ സിംഗിന്റെ ‘പട്ടിയെ കല്ലെറിഞ്ഞാല്‍ അതും കേന്ദ്രസര്‍ക്കാര്‍ അന്വേഷിക്കണം’ എന്ന പരാമര്‍ശം ഇത്രയും വിവാദമായത് എങ്ങനെയാണ്..?അതിലും നാട്ടുഭാഷ മാത്രമല്ലേ ഉള്ളൂ.. പക്ഷെ വി.കെ ഉപയോഗിച്ചപ്പോള്‍ അത് ദളിത് വിഭാഗങ്ങളുടെ ആത്മാഭിമാനത്തിന് നേരെയുള്ള കടന്നുകയറ്റമായി; വി.എസ് പറഞ്ഞപ്പോള്‍ അത് കേവലം വാമൊഴി സൌന്ദര്യം മാത്രം.. ഇതില്‍ ഏതോ ഒരു നിലപാട് കാപട്യമാണ് എന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകും..!! ഏതാണ് അത് എന്ന് അവര്‍ തന്നെ തീരുമാനിക്കട്ടെ… വേണമെങ്കില്‍ ‘അമ്മാവന് അടുപ്പിലും ആകാം മരുമക്കള്‍ക്ക് പറമ്പിലും പാടില്ല’ എന്ന പഴമൊഴി ഉപയോഗിച്ച് ഈ സാഹചര്യത്തെ നേരിടാം..
ഈ ഉപമകളും പ്രയോഗങ്ങളുമൊക്കെ അത് ഉപയോഗിക്കുന്നവന്റെ മനോനിലയ്ക്ക് അനുസരിച്ചാകാം എന്ന് വാദിക്കുന്നവരുമുണ്ട്..!അവരോടു യോജിക്കാം..! കാരണം ഏതാണ് നല്ലത്, ഏതാണ് മോശം എന്നൊക്കെയുള്ളത് അത് വിലയിരുത്തുന്നവന്റെ മനസ്സിനെ ആശ്രയിച്ചാണല്ലോ തീരുമാനിക്കപ്പെടുക.! ഇവിടെ വി.എസ്സിനും അദ്ദേഹത്തിന്റെ പൊതുബോധം രൂപീകൃതമായ സാഹചര്യത്തിനും മീന്‍പിടുത്തം അത്ര മോശപ്പെട്ട ഒരു മേഖലയായിത്തോന്നി എങ്കില്‍ നമുക്ക് അത് അംഗീകരിക്കാം..!! പകരം ‘വേറെ ഒരു പണിയുമില്ലെങ്കില്‍ അങ്ങേയ്ക്ക് വല്ല കേന്ദ്രകമ്മറ്റി ക്ഷണിതാവോ, പാര്‍ട്ടി തെരഞ്ഞെടുപ്പു പ്രചാരണസമിതിയുടെ അമരക്കാരനോ ആയിക്കൂടേ..? എന്നൊരു ചോദ്യം തിരിച്ചും ചോദിക്കാം..!!
Discussion about this post