ഇസ്താംബൂൾ: തുർക്കിയിലും സിറിയയിലും സർവ്വനാശം വിതച്ച ഭൂകമ്പം മുതലെടുത്ത് ഭീകരർ. നാലായിരത്തിലധികം ആളുകളുടെ ജീവനെടുത്ത ഭൂകമ്പത്തിൽ മറ്റൊരു വിനാശകരമായ സംഭവം നടന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഭൂകമ്പത്തിനിടെ 20 ഓളം ഭീകരർ രക്ഷപ്പെട്ടതായാണ് വിവരം.വടക്ക് പടിഞ്ഞാറൻ സിറിയയിലെ രാജോ ടൗണിലെ ജയിൽ കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചതാണ് വിനയായത്. ജയിൽ തകർത്ത് ഭീകരർ രക്ഷപ്പെടുകയായിരുന്നു.
ഭൂകമ്പത്തിന് ശേഷം ഐഎസ് ഭീകരർ ചേർന്ന് ജയിലിൽ കലാപ ശ്രമം നടത്തുകയും സംഘർഷം മുതലെടുത്ത് രക്ഷപ്പെടുകയുമായിരുന്നു. അതേസമയം ജയിലിൽ 2,000 ത്തിലധികം തടവുകാരുണ്ടെന്നാണ് വിവരം. ഇവരുടെ സുരക്ഷയിലും ഇപ്പോൾ ആശങ്ക ഉയരുന്നുണ്ട്.
അതേസമയം തുർക്കിയിലും വടക്കൻ സിറിയയിലും തിങ്കളാഴ്ചയുണ്ടായ മൂന്ന് ശക്തമായ ഭൂകമ്പങ്ങളിൽ നാലായിരത്തി അഞ്ഞൂറോളം ആളുകൾ മരിച്ചു. തുർക്കിയിലെ ഗസിയന്റെപ് കേന്ദ്രമായി തിങ്കൾ പുലർച്ചെ 4.17നാണ് റിക്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തിയ ആദ്യ ഭൂകമ്പം ഉണ്ടായത്. കെയ്റോവരെ അതിന്റെ പ്രകമ്പനമുണ്ടായി. ഗസിയെന്റെപിൽനിന്ന് 33 കിലോമീറ്റർ അകലെ ഭൗമോപരിതലത്തിൽനിന്ന് 18 കിലോമീറ്റർ ആഴത്തിലാണ് പ്രഭവസ്ഥാനം. ഇതിന് 100 കിലോമീറ്റർ അകലെ പ്രാദേശിക സമയം പകൽ 1.30നാണ് (ഇന്ത്യൻ സമയം വൈകിട്ട് നാല്) രണ്ടാമത്തെ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 7.5 രേഖപ്പെടുത്തി. ഉച്ചയ്ക്കുശേഷമാണ് മൂന്നാമത്തെ ഭൂകമ്പം ഉണ്ടായത്.
Discussion about this post