പത്തനംതിട്ട: അഴിമതി കേസിൽ അറസ്റ്റിലായ ഉദ്യോഗസ്ഥനിൽ നിന്നും കൈക്കൂലി വാങ്ങി വിജിലൻസ് ഡിവൈഎസ്പി. തിരുവല്ലയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് ഡിവൈഎസ്പി വേലായുധൻ നായർക്കെതിരെ വിജിലൻസ് കേസ് എടുത്തു.
കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ തിരുവല്ല മുനിസിപ്പാലിറ്റി സെക്രട്ടറി നാരായണനിൽ നിന്നാണ് വേലായുധൻ പണം വാങ്ങിയത്. കേസിൽ നിന്നും ഒഴിവാക്കാമെന്നായിരുന്നു വേലായുധന്റെ വാഗ്ദാനം. 50,000 രൂപയായിരുന്നു നാരായണനിൽ നിന്നും കൈപ്പറ്റിയത്.
അനധികൃത സ്വത്ത് സമ്പാദനത്തിനാണ് നാരായണനെതിരെ കേസ് എടുത്തിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നാരായണന്റെ വീട്ടിൽ വിജിലൻസ് പരിശോധന നടത്തിയിരുന്നു. ഇതിലാണ് കൈക്കൂലി വാങ്ങിയതിന്റെ തെളിവുകൾ ലഭിച്ചത്. ഇതോടെ വേലായുധനെതിരെ കേസ് എടുക്കുകയായിരുന്നു. വേലായുധന്റെ മകന്റെ അക്കൗണ്ടിലേക്കാണ് നാരായണൻ പണം നിക്ഷേപിച്ചത്.
നാരായണനെതിരായ അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കുന്ന സ്പെഷ്യൽ ഡിവൈഎസ്പിയാണ് വേലായുധൻ.
Discussion about this post