ന്യൂഡൽഹി: യുകെയിലും കാനഡയിലും ഖാലിസ്ഥാൻ വാദികൾ ഇന്ത്യൻ കോൺസുലേറ്റുകൾക്ക് നേരെ നടത്തിയ ആക്രമണങ്ങളിൽ വിശദീകരണം തേടി വിദേശകാര്യ മന്ത്രാലയം. ഇന്ത്യയുടെ നയതന്ത്ര ദൗത്യങ്ങൾക്കും കോൺസുലേറ്റിനുമെതിരെ നടന്ന ആക്രമണങ്ങളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ ഇന്ത്യ, കാനഡയിലെ ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി വിശദീകരണം തേടി. പോലീസ് സാന്നിദ്ധ്യമുണ്ടായിട്ടും വിഘടനവാദികൾ എങ്ങനെയാണ് സുരക്ഷ ലംഘിച്ച് കോൺസുലേറ്റിന് അകത്ത് പ്രവേശിച്ചത് എന്നും വിദേശകാര്യ മന്ത്രാലയം ചോദിച്ചു.
ആക്രമണങ്ങളിൽ ഇന്ത്യ കടുത്ത ആശങ്ക അറിയിച്ചതായും വിദേശകാര്യമന്ത്രാലയം പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു. ” ഇന്ത്യയുടെ നയതന്ത്രജ്ഞരുടെ സുരക്ഷയും കോൺസുലേറ്റ് പരിസരത്തിന്റെ സുരക്ഷയും ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും കനേഡിയൻ സർക്കാർ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മികച്ച അന്തരീക്ഷം ഒരുക്കുന്നതിലൂടെ മാത്രമാണ് അവർക്ക് അവരുടെ നയതന്ത്ര പ്രവർത്തനങ്ങൾ കുറ്റമറ്റ രീതിയിൽ നിർവഹിക്കാൻ സാധിക്കുകയുള്ളു. അക്രമങ്ങളിൽ ഏർപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞിട്ടുള്ളവർക്കെതിരെ കർശനമായ നടപടിയെടുക്കാനും വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.
ഇൗ മാസം 19ാം തിയതി കാനഡയിൽ ഇന്ത്യൻ ഹൈക്കമ്മീഷറായ സഞ്ജയ് കുമാർ വർമ്മ സംഘടിപ്പിച്ച അത്താഴ വിരുന്ന് ഖാലിസ്ഥാൻ അനുകൂലികളുടെ പ്രതിഷേധത്തെ തുടർന്ന് റദ്ദാക്കേണ്ടി വന്നിരുന്നു. പരിപാടിയിൽ ഖാലിസ്ഥാൻവാദികൾ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് പരിപാടി റിപ്പോർട്ട് ചെയ്യാനെത്തിയ ഇന്ത്യൻ വംശജനായ പത്ര പ്രവർത്തകൻ സമീർ കൗശൽ ട്വീറ്റ് ചെയ്തിരുന്നു. ഇത്തരം അക്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടായിരുന്നു വിദേശകാര്യമന്ത്രാലയത്തിന്റെ നീക്കം.
Discussion about this post