അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാറാമത് സീസണിന് ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ തുടക്കമാകുമ്പോൾ, ടൂർണമെന്റിൽ ചില പുതിയ നിയമങ്ങളും ആദ്യമായി നടപ്പിലാക്കപ്പെടും.
ഇംപാക്ട് പ്ലെയർ: ടോസിന് ശേഷം ടീമിനെ പ്രഖ്യാപിച്ചാൽ മതി എന്നതാണ് ഈ വർഷത്തെ ഐപിഎല്ലിന്റെ പ്രധാന സവിശേഷത. ടീം അംഗങ്ങൾക്ക് പുറമേ നാല് കളിക്കാരുടെ പേരുകൾ കൂടി ടോസിന് മുൻപ് നൽകണം. ഇതിലൊരാളെ മാറ്റി ഇറക്കാൻ സാധിക്കും. ടോസിന്റെ ആനുകൂല്യം ഒരു ടീമിന് മാത്രം കിട്ടുന്നത് ഒഴിവാക്കാനാണ് ഇത്.
ആദ്യം ബാറ്റിംഗ് ആണ് കിട്ടുന്നതെങ്കിൽ ഒരു ബൗളർക്ക് പകരം ഒരു ബാറ്റ്സ്മാനെ ഇറക്കാം. ഇന്നിംഗ്സ് പൂർത്തിയാക്കി ബൗളിംഗിന് ഇറങ്ങുമ്പോൾ ഇതിന് പകരമായി ഒരു ബൗളറെ ഇറക്കാം. എന്നാൽ, ടീമിലെ വിദേശ കളിക്കാരുടെ എണ്ണം നാലിൽ കൂടാൻ പാടില്ല. കൂടുതൽ ഇന്ത്യൻ കളിക്കാർക്ക് അവസരം കിട്ടാനാണ് ഈ തീരുമാനം.
നിശ്ചിത സമയത്ത് ഓവർ പൂർത്തിയാക്കിയില്ലെങ്കിൽ ആ സമയത്തിന് ശേഷമുള്ള ഓവറുകളിൽ നാല് ഫീൽഡർമാരെ മാത്രമേ സർക്കിളിന് പുറത്ത് അനുവദിക്കൂ. ബൗളർ പന്തെറിയാൻ എത്തുന്ന സമയത്ത് വിക്കറ്റ് കീപ്പറോ ഫീൽഡറോ അസ്വാഭാവികമായി നീങ്ങിയാൽ ആ പന്ത് ഡെഡ് ബോൾ വിളിക്കും. ഫീൽഡിംഗ് ടീമിന് 5 റൺസ് പിഴയും വിധിക്കും. ഇത്തവണ ഡി ആർ എസ് ഉപയോഗിച്ച് വൈഡ്, നോ ബോൾ എന്നിവയും പുനഃപരിശോധിക്കാൻ സാധിക്കും.
ഐപിഎൽ മത്സരങ്ങൾ ടിവിയിൽ സംപ്രേഷണം ചെയ്യുന്നത് സ്റ്റാർ സ്പോർട്സ് ചാനലുകളാണ്. ഡിജിറ്റൽ സംപ്രേഷണം റിലയൻസിന്റെ ജിയോ സിനിമ ആപ്പ് വഴിയാണ്.
Discussion about this post