ടെക്സസ് : ബഹിരാകാശ യാത്രികരെ ചന്ദ്രനിലേക്ക് അയയ്ക്കാൻ സ്പേസ്എക്സ് രൂപകൽപന ചെയ്ത് ഏറ്റവും വലിയ ബഹിരാകാശ പേടകം പൊട്ടിത്തെറിച്ചു. ആദ്യ പരീക്ഷണത്തിനിടെയാണ് സ്പേസ് എക്സ് സ്റ്റാർഷിപ്പ് പൊട്ടിത്തെറിച്ചത്. ടെക്സസിലെ ബൊക്ക ചിക്കയിലുള്ള സ്വകാര്യ സ്പേസ് എക്സ് സ്പേസ് പോർട്ടായ സ്റ്റാർബേസിൽ നിന്ന് പ്രാദേശിക സമയം രാവിലെ 8:33ന് റോക്കറ്റ് കുതിച്ചുയർന്നിരുന്നു.
റോക്കറ്റ് ബൂസ്റ്ററിൽ നിന്ന് മൂന്ന് മിനിറ്റിനുള്ളിൽ സ്റ്റാർഷിപ്പ് ക്യാപ്സ്യൂൾ വേർപെടാൻ ഷെഡ്യൂൾ ചെയ്തിരുന്നു. എന്നാൽ ഇത് സംഭവിക്കാതെ അന്തരീക്ഷത്തിൽ വെച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.
പരീക്ഷണം പരാജയപ്പെട്ടതിന് പിന്നാലെ വിശദീകരണവുമായി സ്പേസ് എക്സും രംഗത്തെത്തി. ഇതുപോലൊരു പരീക്ഷണത്തിലൂടെ, നമ്മൾ കൂടുതൽ കാര്യങ്ങൾ പഠിക്കുകയും വിജയം കൈവരിക്കുകയും ചെയ്യും. ഭാവിയിൽ മൾട്ടി പ്ലാനറ്ററിയാകാൻ ശ്രമിക്കുന്നതിനാൽ സ്റ്റാർഷിപ്പിലുള്ള വിശ്വാസ്യത മെച്ചപ്പെടുത്താൻ ഇന്നത്തെ ടെസ്റ്റ് നമ്മെ സഹായിക്കുമെന്ന് സ്പേസ് എക്സ് പറഞ്ഞു.
സ്റ്റാർ ഷിപ്പ് ടെസ്റ്റ് ലോഞ്ച് നടത്തിയ ടീമിനെ പ്രശംസിച്ചുകൊണ്ട് സിഇഒ ഇലോൺ മസ്ക് രംഗത്തെത്തി. മാസങ്ങൾക്കകം നടത്താനിരിക്കുന്ന അടുത്ത പരീക്ഷണത്തിന് വേണ്ടി കൂടുതൽ പാഠങ്ങൾ പഠിച്ചുവെന്നും മസ്ക് പറഞ്ഞു.
സ്റ്റാർഷിപ്പ് റോക്കറ്റിന് നാസയുടെ സ്വന്തം ബഹിരാകാശ വിക്ഷേപണ സംവിധാനത്തേക്കാൾ (എസ്എൽഎസ്) ഏതാണ്ട് രണ്ട് മടങ്ങ് ശക്തിയുണ്ട് എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
Discussion about this post